Wednesday, September 25, 2013

മേഘവിസ്ഫോടനം

വാതിലില്‍ ഇടതടവില്ലാതെ  ശക്തിയായി ആരോ മുട്ടുന്നു.ഫാദര്‍ ജോസഫ്‌ തപ്പിത്തടഞ്ഞെഴുന്നേറ്റു സമയം നോക്കി.വെളുപ്പിന് ഒരു മണിയോടടുക്കുന്നു.
പ്രചണ്ഡമായ  ഒരു താളത്തോട്‌ കൂടി പ്രകൃതി ഉറഞ്ഞു തുള്ളിയ രാത്രി.മഴ ഇനിയും ശമിച്ചിട്ടില്ല.വന്യമായ കാറ്റിന്‍റെ ഹുങ്കാരം.പ്രകൃതി അതിന്‍റെ സംഹാര രൂപത്തിലാണ്.

വീണ്ടും വാതിലില്‍ മുട്ട്.

ആരാണീ അസമയത്ത്?

ഫാദര്‍ വാതില്‍ക്കലേക്ക് നടന്നു.വെളിച്ചത്തില്‍ കുളിച്ചിട്ടും ഇരുട്ട് ഘനീഭവിച്ചത് പോലെ ഒരു രൂപം വരാന്തയില്‍.,.പെട്ടെന്ന് അത് ചില്ല് ജനാലയ്ക്ക് അരികില്‍ വന്നു കൈ കൂപ്പി നിന്നു.കൈകള്‍ക്കുള്ളില്‍ എന്തോ അടുക്കി പ്പിടിച്ചിരിക്കുന്നു.മുഖം പരിചയമുള്ളതായി തോന്നി.ഫാദര്‍ വാതില്‍ തുറന്നു.

" മോളെ...നീ...ഈ സമയത്ത്..?? "

രക്തം വിയര്‍ക്കുന്ന ഗത് സമെന്‍ അവളുടെ കണ്ണുകളില്‍ തളം കെട്ടി ക്കിടക്കുന്നത് ഫാദര്‍ കണ്ടു.മനുഷ്യ വ്യഥകള്‍ ഒരുപാട് കണ്ടും കേട്ടും തഴക്കം വന്ന ആ  ജ്ഞാനവൃദ്ധന്‍റെ ഹൃദയം ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിനെയും ആവശ്യത്തെയും തിരിച്ചറിഞ്ഞു.

" അച്ചോ ..എനിക്കൊന്ന്..."

അച്ചന്‍ അവളുടെ കരം ഗ്രഹിച്ചു.

ക്ലാര.

"ഭ്രാന്തന്‍റെ കാലിലെ വ്രണമാകാന്‍ കൊതിച്ച കാല്പനികത മുറ്റിയ ക്ലാരയല്ലച്ചോ ഇത്.ഞാനൊരു വ്രണമാണ്.ഒരിക്കലും ഉണക്കില്ലാത്ത ചോരയൊലിക്കുന്ന വ്രണം."

പള്ളിക്കമ്മിറ്റിയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ തിരിഞ്ഞതിന് വിചാരണ ചെയ്തു കഴിഞ്ഞ് സ്വകാര്യ സംഭാഷണത്തില്‍ അവള്‍ പറഞ്ഞ ആ വാക്കുകള്‍ ഫാദര്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു.

ഒരു പാതിരിക്ക് ഓരോ കുമ്പസാരങ്ങളും ഓരോ പരീക്ഷണങ്ങളാണ്.മറ്റു മനുഷ്യരുടെ വ്യഥകളും രഹസ്യങ്ങളും പേറുന്ന ജീവനുള്ള ഒരു കുമ്പസാരക്കൂടാണ് പുരോഹിതന്‍.,.മനസ്സിനെ ബലപ്പെടുത്താനുള്ള കൃപ യാചിച്ചു കൊണ്ട് അദ്ദേഹം ഇരുവശങ്ങളിലും ദ്വാരങ്ങളുള്ള ആ മരക്കൂടിലേക്ക് കയറി.മനസ്സില്‍ ഒരു ക്രിസ്തു കുരിശിലേക്കു കയറിക്കിടന്നു.

എന്തുചെയ്യണം എന്നറിയാതെ ഫാദര്‍ ജോസഫ്‌ ഇരുന്നു.അത്രയ്ക്ക് ഹൃദയ ഭേദകമായിരുന്നു അവളുടെ കരച്ചില്‍.,.ഇത്രയും വര്‍ഷത്തെ വൈദിക ജീവിതത്തിനിടയില്‍ ഒരു മനുഷ്യനും ഇതുപോലെ കുമ്പസാരക്കൂടിനടുത്തിരുന്നു  ഹൃദയം പിളര്‍ന്ന്നിലവിളിച്ചതായി അദ്ദേഹം ഓര്‍ക്കുന്നില്ല.പലതവണ ക്ലാരെ എന്ന് വിളിച്ചെങ്കിലും കരച്ചില്‍ നിന്നില്ല.മിനിട്ടുകള്‍ നീണ്ട തീവ്രമായ നിലവിളിക്ക്  ശേഷം ക്ലാര ഒന്നടങ്ങി.അവളുടെ ചങ്കിലെ ദുഃഖത്തിന്‍റെ മേഘവിസ്ഫോടനത്തെ ഏറ്റുവാങ്ങാന്‍  മഴയത്ത് നില്‍ക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട ഒരു ബാലന്‍റെ മനസ്സുമായി ഫാദര്‍ തയാറായിരുന്നു.

അനക്കമൊന്നുമില്ല
.
അദ്ദേഹം തല തിരിച്ചു നോക്കി.

അച്ചന്‍ വേവലാതിയോടെ പള്ളി വരാന്തയിലേക്കിറങ്ങി.മങ്ങിയ വെട്ടത്തില്‍ ക്ലാര നടന്നു പോകുന്നത് അദ്ദേഹം അതിശയത്തോടെ അതിലധികം വിങ്ങലോടെ കണ്ടു നിന്നു.

തിരിച്ചു പള്ളിക്കകത്ത്‌ കയറിയ ഫാദര്‍ കുമ്പസാരക്കൂടിനടുത്തു കിടന്ന പ്ലാസ്റ്റിക്‌ കവര്‍ കൈയിലെടുത്തു.

ഒരു സാരി......മന്ത്രകോടി പോലെ.

പൊട്ടിയ ഒരു താലിമാല.

പിന്നെ....ഒരുള്‍ക്കിടിലത്തോടെ അദ്ദേഹം കണ്ടു.കഠാരയില്ലാത്ത ഒരു തോലുറ.!!

ഫാദറിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോയി.
വേപഫുവോടെ ആ വൃദ്ധന്‍റെ മനസ്സ് ക്ലാരയ്ക്ക്‌ പിറകെ പാഞ്ഞു.

തണുത്ത ആ രാത്രിയില്‍ അനേകം മനോവേദനകളുടെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ മരക്കൂട് ഒരു പൊള്ളയായ നെഞ്ചിന്‍ കൂട് പോലെ വിറപൂണ്ടു നിന്നു.
എന്ത് വേണ്ടൂ എന്നറിയാതെ അതിന്‍റെ നിഴലില്‍ വൃദ്ധനായ ആ പാതിരിയും.


(കടപ്പാട്-ശ്രീ ബോബി ജോസ് കട്ടികാടിന്‍റെ ഹൃദയ വയലിനോട്‌),)



29 comments:

  1. ഒരുപാട് കഥകള്‍ പറയാനുണ്ടാകും ഒരു പാതിരിക്ക്,ഒള്ളില്‍ കിടന്നു നീറുന്ന കഥകള്‍. ഇതുപോലെയൊരു പാതിരിയുടെ കഥയുണ്ട് ഇവിടെ സമയമുള്ളപ്പോള്‍ വരിക http://kaathi-njan.blogspot.com/2013/08/blog-post_26.html

    ReplyDelete
    Replies
    1. അസ്തിത്വം വായിച്ചു,വ്യത്യസ്തമായൊരു വിപ്ലവം തന്നെ.

      Delete
  2. വായിച്ചു . ഒരു തരം വേഗത ഫീല്‍ ചെയ്യുന്നു. ഒറ്റയടിക്ക് ഇരുന്നു എഴുതി തീര്‍ത്ത പോലെ.
    ( എന്റെ തോന്നലാണ് . )
    ആശംസകള്‍ .

    ReplyDelete
    Replies
    1. ശരിയാണ്.പെട്ടെന്ന് എഴുതിയതാണ്.പക്ഷെ ആദ്യം ഇതിലും ചെറുതായിരുന്നു.പിന്നീടാണ്‌ കുറച്ചുകൂടി ചേര്‍ത്തത്.

      നന്ദി

      Delete
  3. ഇത് പോലെ എത്ര ക്ലാരമാരുടെ കണ്ണീർ വീണതായിരിക്കും ആ ഫാദരുടെ മനസ്സില്

    ReplyDelete
    Replies
    1. ശരിയാണ് ചേച്ചി.
      വായനയ്ക്ക് നന്ദി.

      Delete
  4. ഒതുക്കം കൊണ്ട് വ്യത്യസ്തമായ കഥ .പറയാതെ പറയുന്ന നൊമ്പരങ്ങള്‍ ..തലക്കെട്ട് യോജിക്കുന്നതായോ ?അഭിനനന്ദങ്ങള്‍

    ReplyDelete
    Replies
    1. ഒരു പ്രകൃതി ക്ഷോഭം പശ്ചാത്തലമാണ്.ക്ലാരയുടെ മനസ്സും ക്ഷോഭത്താല്‍ വിസ്ഫോടനത്തിന്‍റെ വക്കിലാണ്.അതാണ്‌ അങ്ങനെ പേരിട്ടത്.

      നിങ്ങളുടെയൊക്കെ വായന വലിയ സന്തോഷമാണ്.
      നന്ദി.

      Delete
  5. ഏകാഗ്രമായി - അധികം പരത്തിപ്പറയാതെ എഴുതിയ കഥ ....
    കഥാവസാനം വായനക്കാര്‍ക്ക് ഒരുപാട് പൂരിപ്പിക്കാനുള്ള സാദ്ധ്യതകള്‍ തുറന്നുവെച്ച് കഥാകൃത്ത് പിന്‍വാങ്ങുന്നിടത്ത് ഈ കഥ ആരംഭിക്കുന്നു എന്നാണ് എന്റെ അഭിപ്രായം....

    ReplyDelete
    Replies
    1. " കഥ വായനക്കാരുടെ മനസ്സില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കൂട്ടുകള്‍ ഒരുക്കി കഥാകൃത്ത് മാറി നില്‍ക്കേണ്ടതാണ്." ഒരിക്കല്‍ പ്രദീപേട്ടന്‍ എന്നോട് പറഞ്ഞ വാക്കുകളാണ്.ഈ കഥയുടെ ഓരോ കഥയുടെയും അവസാനം എഴുതുമ്പോഴും ഞാന്‍ ഇതോര്‍ക്കും.

      ഇപ്പോഴത്തെ വാക്കുകള്‍ വലിയ സന്തോഷം തരുന്നു.എഴുതുന്നുവന്‍ ഉദ്ദേശിക്കുന്നത് വായനക്കാരന്‍ തിരിച്ചറിഞ്ഞു എന്നറിയുമ്പോഴുള്ള ആഹ്ലാദം.
      നന്ദി ചേട്ടാ.

      Delete
  6. എഴുതിയതിനേക്കാള്‍ കൂടുതല്‍ എഴുതാതെ വായനക്കാരന് വിട്ടുകൊടുത്ത ഒരു കഥ ആയിട്ടാണ് എനിക്ക് തോന്നിയത്‌..
    വായനക്കാരനുള്ള ആ സ്വാതന്ത്ര്യം പരമാവധി ഉപയോഗപ്പെടുത്താവുന്ന ഒരു കഥ.

    ReplyDelete
    Replies
    1. അത് സമ്മതിച്ചു.കഥ ഇഷ്ട്ടപ്പെട്ടോ എന്നറിഞ്ഞില്ല.... :)

      Delete
  7. കഥാകാരന്‍ വായനക്കാരനെ ചിന്തിക്കാന്‍ വിട്ടിട്ട് പോയി! ശരിയാണ് വായനക്കാരന്‍റെ സ്വാതന്ത്ര്യം വേണ്ടുവോളം ഉണ്ട് ഈ കഥയില്‍ -പക്ഷെ ഒന്ന് കൂടി വിശദേകരിക്കാമയിരുന്നു എന്ന് തോന്നി -ഒരു സാധാരണ വായനക്കാരി എന്ന നിലയില്‍ കുറച്ചു കൂടി ജോലി കഥാകൃത്ത്‌ ചെയ്യുന്ന കഥകളാണ് അല്‍പ്പം കൂടി ഇഷ്ടം! കഥ പറഞ്ഞ രീതി , ശൈലികള്‍ ഒക്കെ വളരെ നന്നായിരിക്കുന്നു. ചിലയിടങ്ങളിലെ ഗതിവേഗം പോലും എഴുത്തില്‍ അനുഭവപ്പെടുന്നുണ്ട്. :)

    ReplyDelete
    Replies
    1. മടിയനാണ് ആര്‍ഷ....എന്താ ചെയ്ക.അടുത്ത തവണ ശ്രമിക്കാം.

      സന്തോഷം.

      Delete
  8. ക്രാഫ്റ്റ് കൊണ്ടു രക്ഷപ്പെട്ട കഥ.

    ReplyDelete
    Replies
    1. പാവത്തുങ്ങളും ജീവിച്ചു പോട്ടെ ചേച്ചി..:)

      സന്തോഷം.

      Delete
  9. വായനക്കാരന്റെ ഇഷ്ട്ടാനുസരണം കഥാന്ത്യം തീരുമാനിക്കാവുന്ന ഒരു കഥ. എഴുത്ത് നന്നായി. അവിടവിടെ കണ്ട ഒന്ന് രണ്ടു അക്ഷര തെറ്റുകള്‍ കഥക്ക് ചേര്‍ന്നതല്ല.
    (പ്രചണ്‍ഡമായ , വേപഫുവോടെ, ...... തിരുത്തുമല്ലോ )

    ReplyDelete
    Replies
    1. വേണുവേട്ടാ നിഘണ്ടു ഇല്ല.ഒന്ന് തിരുത്തി തരണം.

      നന്ദി.

      Delete
  10. കൂറെ പറയുന്നുണ്ട്
    ഇനിയും പറയാനുമുണ്ട്

    ReplyDelete
    Replies
    1. മടി...അതാണ്‌ സത്യം ഷാജു. :)

      വായിച്ചതിനു നന്ദി.

      Delete

  11. വിഷയം കൃത്യമല്ലാത്തത് ഒരു പരീക്ഷണമാണ് ;
    ഇവിടെ അത് വളരെയും ചുരുങ്ങി എന്ന് തോന്നുന്നു ....
    നല്ല ക്രാഫ്റ്റ്. അതാണ്‌ പ്ലസ്
    ഏറ്റവും ചുരുക്കി ... വായനക്ക് അറകൾ തുറന്നിട്ട്‌ .....
    കൊള്ളാം ഇഷ്ടമായി
    അക്ഷരത്തെറ്റു ശ്രദ്ധിച്ചുവെന്നു കരുതട്ടെ

    ReplyDelete
    Replies
    1. പൊതുവേ എന്‍റെ രീതി ഇഷ്ടമില്ലാത്ത ഒരാളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കുന്നത് ഇരട്ടി സന്തോഷം,
      തെറ്റുകള്‍ തിരുത്താം.

      Delete
  12. നല്ല ഒതുക്കത്തോടെ പറഞ്ഞ കഥ.
    കഥയ്ക്കുള്ളിലെ കഥ മെനയാനുള്ള അവസരം വായനക്കാരന്റെ മനസിന്‌ നല്‍കിക്കൊണ്ട് നിര്‍ത്തുന്നു.
    നന്നായി.

    ReplyDelete
    Replies
    1. ആഹാ...നീ വന്നോ?

      നന്ദി...സന്തോഷം

      Delete
  13. കഥാന്ത്യം തീരുമാനിക്കാനുള്ള അവസരം അനുവാചക ഹൃദയങ്ങള്‍ക്ക്‌ വിട്ടു കൊടുത്തു അല്ലേ?
    കഥ ഇഷ്ടമായി...ആശംസകള്‍ :)

    ReplyDelete
    Replies
    1. വായനക്കാര്‍ക്കും വേണ്ടേ ഒരു പണി... :)

      നന്ദി..വായനക്ക്

      Delete
  14. https://fbcdn-sphotos-f-a.akamaihd.net/hphotos-ak-ash4/247706_2085211054523_199625_n.jpg
    സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാനീ ചിത്രം വരച്ചു വീടിന്റെ ചുമരില്‍ തൂക്കിയപ്പോള്‍ എനിക്ക് കുറേ അഭിനന്ദനങ്ങള്‍ കിട്ടി...പുറം തിരിഞ്ഞു നില്‍ക്കുന്ന ചാച്ചാ നെഹ്‌റു. നേരെ നില്‍ക്കുന്നതിനേക്കാള്‍ എന്തൊക്കെയോ പറയാനുള്ളതായി നിരൂപകര്‍ വിലയിരുത്തി... അതുതന്നെയാണീ കഥയിലും സംഭവിച്ചത്. സംഭവബഹുലമായ ഒരു കഥയുടെ അന്ത്യം മാത്രം നിഗൂഡമായി പറഞ്ഞിരിക്കുന്നു...നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. നന്ദി..ഈ വരവിനും വാക്കിനും..

      Delete
  15. പറഞ്ഞതിലേറെ പറയാത്തതാണ്..........
    വായനക്കാരന്റെ മനസ്സിൽ ബാക്കി പൂരിപ്പിചെടുക്കാനുള്ള വിസ്ഫോടനം നടത്തുന്ന മനോഹര രചന
    മേഘവിസ്ഫോടനം തുടർന്ന് കൊണ്ടിരിക്കട്ടെ ആശംസകൾ

    ReplyDelete