Friday, June 14, 2013

പുളിയുള്ള ഓര്‍മ്മകള്‍.

                                                                                        foto-www.tumblr.com
കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ ഡോ.കെ.സി കൃഷ്ണകുമാറിന്റെ ഒരു ഓര്‍മ്മക്കുറിപ്പ്‌ (http://www.mathrubhumi.com/kids/story.php?id=320532)വായിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്കും ഓടിയെത്തി.
വിഷയം കുടംപുളിയാണ്.ഒപ്പം ചില മോഷണക്കഥകളും.

ഉദയനാപുരത്ത് ഞങ്ങളുടെ വീടിനു ചുറ്റുവട്ടത്അത്രയും വലിയ  വേറൊരു കുടമ്പുളി മരം ഉണ്ടായിരുന്നില്ല.ഡോക്ടര്‍ എഴുതിയത് പോലെ ഒരു കൊക്ക് ഞങ്ങളുടെ മരത്തിലും ഉണ്ടായിരുന്നു.കുടംപുളി പൊട്ടിച്ചു കഴിക്കുമ്പോള്‍ ഉള്ളിലെ കുരു മിക്കവാറും വിഴുങ്ങിപ്പോകും.രാവിലെ "വെളിക്കിറങ്ങുമ്പോള്‍" ".""." "..," വിവരമറിയും.പഴുത്ത പുളിയുടെ തോണ്ടും മുളക് പൊടിയും ഉപ്പും കൂടി അരകല്ലില്‍ വച്ച് ചതച്ചു തിന്നുക ഞങ്ങള്‍ കുട്ടികളുടെ ഒരു പണിയായിരുന്നു,പല്ലില്‍ അല്പം മഞ്ഞ പശ പിടിക്കും.പുളിയുടെ രുചി  ഓര്‍ത്താല്‍ പശയോക്കെ ആര് നോക്കുന്നു.

ഈ പുളി മരത്തെ ഓര്‍ക്കാന്‍ കാരണം ഇതൊന്നുമല്ല.ആ മരത്തിലേക്ക് ആഴ്ന്നിറങ്ങിയ ഒരു കെട്ടുകമ്പി ആണ്.ഞങ്ങളുടെ വീടിനും  പിറകുവശത്തെ അമ്മിണി ഇക്കയുടെ (ശരിയായ  പേര് എനിക്കിപ്പോഴും അറിയില്ല) വീടിന്റെയും അതിരിനടുതായി   ഒരു നല്ല ഉയരമുള്ള ഒരു തെങ്ങ് ഉണ്ടായിരുന്നു.ഈ തെങ്ങ് വില്ല് പോലെ വളഞ്ഞു ഇക്കയുടെ പുരക്കു മുകളില്‍ ഒരു ഭീഷണിയായി മാറി.തെങ്ങിനെ  ഒരു സുരക്ഷ എന്ന നിലക്ക് ഞങ്ങള്‍ ഒരു കമ്പി കൊണ്ട് പത്തിരുപതു  മീറ്റര്‍ ദൂരെ നില്‍ക്കുന്ന പുളി മരത്തിലേക്ക് കെട്ടി.ഈ കമ്പി പതുക്കെ പതുക്കെ പുളി മരത്തിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങി.കമ്പി ആഴ്ന്നിറങ്ങിയ വ്രണത്തില്‍ നിന്ന് മഞ്ഞനിറത്തില്‍ കൊഴുത്തുകുറുകിയ പശയോലിപ്പിച്ച് തെങ്ങിനെ വീഴാതെ വലിച്ചു നിര്‍ത്തി പുളിമരം അങ്ങനെ നിന്നു,മനസ്സില്‍ ഒരു വേദനയായി.വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ അറക്കാന്‍ പിടിക്കുമ്പോഴും പശുക്കുട്ടിക്ക് മൂക്ക് കയര്‍ കുത്തുമ്പോഴും ആരും കാണാതെ കരഞ്ഞിരുന്ന ആ ബാല്യത്തിന്  വേദനിക്കാന്‍ മരത്തിന്‍റെ വൃണം ധാരാളമായിരുന്നു.
ഒരു രാത്രി കലിതുള്ളി വന്ന കാറ്റും മഴയും കമ്പി പൊട്ടിച്ചു തെങ്ങിനെ കൊലപ്പെടുത്തി.ആളപായമോ നാശനഷ്ട്ടങ്ങളോ ഉണ്ടാക്കി സംസാരവിഷയമാകാന്‍ തെങ്ങിന്‍റെ മരണം നിമിത്തമായില്ല.തെങ്ങിനെ രക്ഷിക്കാന്‍ കഴിയാഞ്ഞ ദുഃഖത്താലോ സ്വന്തം ദുരിതത്തില്‍ നിന്നുള്ള രക്ഷപ്പെടലിന്‍റെ സമധാനത്താലോ എന്നറിയാത്തവിധം നിസ്സന്ഗതയോടെ പുളിമരം നില്‍ക്കുന്നത് തെല്ല് ആശ്വാസത്തോടെ ഞാന്‍ കണ്ടു.

വര്‍ഷങ്ങള്‍ക്കു ശേഷം വീടിനടുത്തുകൂടി വരുന്ന റോഡിനു വേണ്ടി പുളിമരം മുറിക്കാനുള്ള അനുവാദം തേടി വിളി വന്നു.കടലിനിക്കരെയ്ക്ക്.എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു.ഓണക്കാലത്ത് അവന്‍റെ  കൈയില്‍ കെട്ടിയ ഊഞ്ഞാലും കമ്പി ആഴ്ന്നിറങ്ങിയ വൃണവും ഓര്‍മയില്‍ വന്നു.
എന്തോ ആയുസ്സിന്റെ ബലം.അവിടെയും വിധി അവനെ വെറുതെ വിട്ടു.ഇപ്പോഴും എന്നെ പുളിയുള്ള ഓര്‍മകളിലേക്ക് കൊണ്ടുപോകാനെന്ന വണ്ണം ആ മരം വീട്ടില്‍ തലയുയര്‍ത്തി നില്ല്പ്പുണ്ട്.ഉയരമുള്ള വൃക്ഷങ്ങളില്‍ മാത്രം കൂട് കൂട്ടുന്ന ആ കൊക്കിന്  ഇപ്പോഴും അവന്‍ അഭയം കൊടുത്തിട്ടുണ്ടാകുമോ ആവോ.

നേരമ്പോക്കുകള്‍ (1)

                                 foto-elizabeth-mr.blogspot.com
അനന്തമായി ഒഴുകുന്ന ഒരു മഹാനദിയില്‍ പതിച്ച ഒരില മാത്രമാണ് ഞാന്‍..,.വികാരവിചാരങ്ങളും സ്വപ്നങ്ങളും ആശയും നിരാശയും ഒക്കെയുള്ള ഒരു തുണ്ട് ജീവന്‍. ,ഈ നദിയുടെ ഒഴുക്കിനെ നിയന്ത്രിക്കാനോ എങ്ങോട്ട് പോകുന്നെന്ന് അറിയാനോ എനിക്ക് നിര്‍വാഹമില്ല.ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്ത പല തീരങ്ങളും കാഴ്ചകളും കാണുമ്പോള്‍ ഇവയൊക്കെ ഞാന്‍ നേടിയതെന്ന് കരുതുന്നത് എത്രയോ മൌഡ്യം.അതെല്ലാം ഞാനീ നദിയില്‍ വീഴുന്നതിനു മുന്‍പോ അതിനുമപ്പുറത്ത്‌ വച്ചോ തീരുമാനിക്കപ്പെട്ടവയല്ലേ.?എന്‍റെ അല്പബുദ്ധിക്ക് ഗ്രഹിക്കാന്‍  പറ്റാത്തവിധം ദുരൂഹവും സങ്കീര്‍ണവുമാണ് ഈ നദിയിലെ അനുഭവങ്ങള്‍.,.....ഇനിയുമെത്രനാള്‍ ഈ ഒഴുക്കിനൊപ്പം???

Wednesday, June 5, 2013

ഇര


 " പ്രിയപ്പെട്ട ഡോക്ടര്‍,

ഞാന്‍ ജീവിതം മടുത്തു.വല്ലാത്ത ഒരു പ്രശ്നത്തിലാണ് ഞാന്‍.,എന്‍റെ മകളുമായി പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല.അവളോടോത്ത് ജീവിക്കാന്‍ തന്നെ ഭയമാകുന്നു.പുറത്തിറങ്ങുമ്പോള്‍ പുരുഷന്മാര്‍ അവളെ തുറിച്ചു നോക്കുന്നു.അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്ന് ഞാന്‍ ഭയക്കുന്നു.സ്കൂളില്‍ വിട്ടാല്‍ അധ്യാപകര്‍ പീഡിപ്പിക്കുമോ എന്ന് ഭയം.തനിച്ചു ഒരിടത്തേക്കും വിടാന്‍ വയ്യ.എനിക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല.ഭാര്യയില്ലാത്തപ്പോള്‍ മകളുമായി വീട്ടിലിരിക്കാന്‍ സാധ്യമല്ല.ഞാന്‍ അവളെ പീഡിപ്പിക്കുമോ എന്നാണ് ഭയം.ഒരു സമാധാനവുമില്ല.എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടര്‍.,?...........


" ഒരിക്കലും വായിക്കാത്തയാള്‍ക്ക് എങ്ങോട്ടെങ്കിലും പോകാനിറങ്ങിയപ്പോഴാ വായിക്കാന്‍ മുട്ടിയത്‌"".,"

ഭാര്യ ഭര്‍ത്താവിന്റെ കൈയില്‍ നിന്നും മാസിക വാങ്ങി വച്ചു.

" വേഗം റെഡിയായിക്കെ.പോകണ്ടേ.? "

അയാള്‍ വേഷം മാറി പോകാന്‍ തയാറായി.

" അച്ഛാ.പുസ്തകം എടുത്തോളൂ.ബസ്സില്‍ ഇരുന്നു വായിക്കാം."   മകള്‍

" നിന്‍റെ അച്ഛന് പുസ്തകം അലര്‍ജിയാ  മോളെ.പത്രമേ വായിക്കൂ.അറിയതില്ലേ.."

ഭര്‍ത്താവ് എന്തോ ചിന്തയിലാണ്.

അവര്‍ ബസ് സ്റൊപ്പിലേക്ക് നടന്നു.Drainage വെള്ളം കവിഞ്ഞൊഴുകി ചീഞ്ഞു നാറിയ വഴിയരികുകള്‍..,പട്ടിണി ക്കോലങ്ങളായ പട്ടികള്‍ അലഞ്ഞു തിരിയുന്നു.എല്ലാ ഫ്ലാറ്റുകള്‍ക്കും താഴെ വെളുത്ത യൂണിഫോറത്തില്‍ നേഴ്സ്മാര്‍  വാഹനം കാത്ത് നില്‍ക്കുന്നു.അവരെ നിറച്ച വണ്ടികള്‍ തലങ്ങും വിലങ്ങും പായുന്നു.ഒരു ബസ്സില്‍ കര്‍ട്ടന്‍ അല്പം നീക്കി ഒരുവള്‍ ഭര്‍ത്താവിനെ നോക്കി ചിരിച്ചു.അയാള്‍ ഒരു വിളറിയ ചിരി ചിരിച്ചു.ബസ്‌ സ്റ്റോപ്പില്‍ നിന്നപ്പോള്‍ ഈച്ചയാര്‍ക്കുന്ന ചതഞ്ഞു പഴുത്ത ഒരു വാലുമായി ഒരു പൂച്ച അവരെ കടന്നു പോയി.

" അച്ഛാ ആ പൂച്ചയ്ക്കെന്തു പറ്റി "

" അറിയില്ല മോളെ "

" പാവം "

ബസ്സില്‍ നേരിയ തിരക്ക്.രണ്ടു സീറ്റുകള്‍ വീതം അഭിമുഖമായിട്ടുള്ളിടത്ത് മകള്‍ ചാടിക്കയറിയിരുന്നു.ഭര്‍ത്താവ് അസ്വസ്ഥനായി.എതിര്‍ സീറ്റില്‍ ഒരു പുരുഷന്‍..,രണ്ടു പേരും സീറ്റില്‍ ഇരുന്ന് മകളെ ഭാര്യ മടിയിലിരുത്തി.എതിര്‍ സീറ്റിലെ മനുഷ്യന്‍ കുട്ടിയെ നോക്കി ചിരിച്ചു.അവള്‍ പെട്ടെന്ന് ആളുകളുമായി ഇണങ്ങുന്ന പ്രകൃതമായിരുന്നു.ഇവിടെയും അത് തന്നെ സംഭവിച്ചു.ഇപ്പോള്‍ കുട്ടി ആ മനുഷ്യന്‍റെ മടിയിലാണ്.അവര്‍ വളരെ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.
ഭര്‍ത്താവിന്‍റെ മുഖം ഇരുണ്ടിരുന്നു.അയാള്‍ ഭാര്യയെ തോണ്ടി..കാലില്‍ കൈയമര്‍ത്തി..ഭാര്യയ്ക്ക് ഭാവവ്യത്യാസമില്ല.അവര്‍ കുട്ടിയുടെയും മനുഷ്യന്‍റെയും കളിതമാശ ആസ്വദിക്കുകയാണ്.

പെട്ടെന്ന് ഭര്‍ത്താവ് ചാടിയെണീറ്റ് കുട്ടിയെ ആ മനുഷ്യന്‍റെ മടിയില്‍ നിന്നും വലിച്ചെടുത്തു.

" ഡ്രൈവര്‍ വണ്ടി നിര്‍ത്തൂ.."   അലര്‍ച്ച

മൊബൈല്‍ ഫോണുകളില്‍ തോണ്ടിക്കൊണ്ടിരുന്ന യാത്രക്കാരെല്ലാവര്‍ക്കും തലയുയര്‍ത്താന്‍ ഒരു കാരണം കിട്ടി.ഭാര്യ അന്ധാളിച്ചു പോയി.ഇറങ്ങേണ്ട സ്ഥലവും ആയിരുന്നില്ല.

ബസ്സ് നിര്‍ത്തി അവര്‍ ഇറങ്ങിപ്പോയി.

ആ മനുഷ്യന്‍ സ്തബ്ധനായി പ്പോയിരുന്നു.അയാള്‍ ബസ്സിനു പുറത്തേക്ക് മുഖം തിരിച്ചു.കാണെക്കാണെ കണ്ണുകള്‍ നിറഞ്ഞു വന്നു.ആ കുഞ്ഞിനു അയാളുടെ മകളുടെ ച്ഛായയായിരുന്നു .കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് അയാളുടെ അവധിക്കാലത്താണ് പനി വന്നു അയാളുടെ കുഞ്ഞു മരിച്ചത്.

***
തരളിത വികാരങ്ങള്‍ നമുക്ക് നഷ്ടപ്പെടുകയാണോ?മനുഷ്യരിലെ നന്മ കാണാന്‍ കഴിയാത്ത വിധം നമ്മള്‍ അന്ധരായോ?സ്നേഹവും കരുണയും ഒക്കെ നഷ്ട്ടപ്പെട്ട്  എതിരെ വരുന്ന മനുഷ്യരോട് ഒന്ന് ചിരിക്കാനോ സഹയാത്രികനോട് ഒന്ന് കുശലം ചോദിക്കാനോ വയ്യാത്ത വിധമായോ നമ്മള്‍?നമുക്ക് പരസ്പര വിശ്വാസം നഷ്ടമായോ?അടുത്ത മുറികളിലോ വീടുകളിലോ താമസിക്കുന്നവരോട് അടുപ്പം കാണിക്കാതെ എത്രകാലം നമ്മളിങ്ങനെ ജീവിക്കും?അതോ ഇതൊക്കെ എന്‍റെ കുഴപ്പമാണോ?
എന്‍റെ ഭര്‍ത്താവ് ഒരു " തളത്തില്‍ ദിനേശന്‍""," ആണെന്നാണോ നിങ്ങള്‍ പറയുന്നത്??

ഇപ്രകാരം ചിന്തിച്ചു കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചു ഭാര്യ ഭര്‍ത്താവിനൊപ്പം നടന്നു നീങ്ങി.

****************************************************

Tuesday, June 4, 2013

തുല്യ ദുഖിതര്‍

 ഒരു തണുത്ത പുലര്‍ച്ചെ കാട്ടിലുപെക്ഷിച്ചവളെയോര്‍ത്തു സരയൂ തീരത്തിരിക്കുമ്പോള്‍ ഒരു ഫുള്‍ ബോട്ടില്‍ വേദാന്തവുമായി ആശാന്‍ വന്നു.രാഹുലന്‍റെ നിലവിളിയും യശോധരയുടെ തുറിച്ചുനോട്ടവും ഉറക്കം കെടുത്തിയത്രെ.ഞങ്ങള്‍ രണ്ടു  ലാര്‍ജ്ജ് വീശി, ശേഷം സരയൂവിലോഴുക്കി വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
ഉരലും ചെണ്ടയും ...അല്ലാതെന്തു പറയാന്‍..,....