Thursday, September 19, 2013

മടക്കയാത്ര(ഒരു തിരുത്ത്)


ന്മപുണ്യങ്ങള്‍ കൈകോര്‍ത്ത് നിന്ന ഏതോ ഒരു ധന്യ നിമിഷത്തിലാകണം,കറവ പ്പശുവിനെ ക്കുറിച്ച് അവര്‍ ചിന്തിച്ചത്.

"അതിനും വേണ്ടേ ഒരു ജീവിതം"

പത്ത് കൊല്ലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക്.ഒന്നിന് മീതെ ഒന്നായി വന്ന പ്രാരാബ്ദങ്ങള്‍ തെല്ലൊതുക്കി മൂരി നിവര്‍ത്ത് തിരിഞ്ഞു നോക്കിയപ്പോള്‍  ജീവിതം ഒരു മരുഭൂമി.
വീട്ടുകാര്‍ ഇപ്പോള്‍ തനിക്കു വിവാഹം ആലോചിക്കുന്നു.
നല്ല കാര്യം

 " എനിക്കും വേണ്ടേ ഒരു ജീവിതം "

ജന്മദേശം.
പ്രണയാഭ്യര്‍ത്ഥനയ്ക്കു മുന്നില്‍ പൂത്തുലഞ്ഞ്  നമ്രശിരസ്കയായി നില്‍ക്കുന്ന ഋതുമതിയായ ശാലീന സുന്ദരിയില്‍ നിന്നും തിളങ്ങുന്ന വേഷച്ചമയങ്ങളുമായി വഴിവക്കില്‍ അതിഥിയെ കാത്തു നില്‍ക്കുന്ന ഗണികയുടെ രൂപത്തിലേക്ക് മാറാന്‍ തന്‍റെ നാടിന് വെറും പത്ത് വര്‍ഷം മാത്രമോ?അയാള്‍ അത്ഭുതം കൂറി.മധുരം പുരട്ടിയ അതി പുരാതനമായ ആ കയ്പ്പുള്ള ചോദ്യവുമായി സ്നേഹിതരും ബന്ധുക്കളും.

" എന്നാ മടക്കം? "

പെണ്ണ് തെണ്ടല്‍ പെട്ടന്ന് കഴിഞ്ഞു.വലിയ വിലപേശല്‍ ഇല്ലാതെ കാര്യം കഴിഞ്ഞു.തരക്കേടില്ലാത്ത ഒരു ആര്‍ഭാട വിവാഹം.ആദ്യത്തെതല്ലേ കുറയ്ക്കരുതല്ലോ.ഒരു വളിച്ച ഫലിതം.

സുന്ദര സുരഭില മദന സ്വപ്നങ്ങളുടെ ആദ്യ രാത്രി.പുത്തന്‍ തലമുറ ഗണത്തില്‍ പെട്ട തരുണി മൌനത്തിന്‍റെ കെട്ടു പൊട്ടിച്ചു.

" എന്നാ മടക്കം ? "

നീ ഒരു നിത്യ പ്രവാസിയാകാന്‍ ജനിച്ചവനെന്നുഓര്‍മപ്പെടുത്തുന്ന ആ ചോദ്യം ഇപ്പോഴയാളെ ശരിക്കും പിളര്‍ത്തിക്കളഞ്ഞു.

സുരത വേളയുടെ പരകോടിയില്‍ അയാളില്‍ ഒരു മഹാവിസ്ഫോടനം നടന്നു.അതീന്ദ്രിയമായ ഒരനുഭവം.
മണലിലേക്ക് അയാള്‍ മൂക്ക് കുത്തി വീണു.മുഖമുയര്‍ത്തി നോക്കി.വെള്ളിവെളിച്ചത്തിന്‍റെ ഒരു വലിയ കുട.നോക്കെത്താ ദൂരത്തോളം മരുഭൂമി.അകലെ ഒരേയൊരു വൃക്ഷം.
പതുക്കെ അന്തരീക്ഷം മാറി.ചെറിയ പൊടിക്കാറ്റ്.ഒരു കൊള്ളിയാന്‍.,...ഇരുട്ട് വീണു.ചുട്ടു പൊള്ളുന്ന മണ്ണിലേയ്ക്ക്,ഭൂമിയുടെ മേലെ  ആകാശ രേതസ്സ് പെയ്തിറങ്ങി.

 അനന്തരം രാത്രിയുടെ അവസാന യാമത്തില്‍ അയാള്‍ മണിയറയില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു പോയി. അവളുടെ ഗര്‍ഭത്തില്‍ മറ്റൊരു രാഹുലന്‍ ഉരുവാകും മുന്‍പേ അയാള്‍ക്ക് അതിര്‍ത്തി താണ്ടണമായിരുന്നു.ഒരുകാരക്ക തൊണ്ട് പോലും ആര്‍ക്കെങ്കിലും വേണ്ടി കരുതിവയ്ക്കാന്‍ കഴിയാത്ത വിധം അയാളുടെ ഹൃദയം അത്രമാത്രം ചുരുങ്ങിപ്പോയിരുന്നു.

13 comments:

  1. ഇത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ ഒന്നിന്‍റെ തിരുത്താണ്.എന്‍റെ ബ്ലോഗേഴ്സ് കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നു.
    ഈ തിരുത്തില്‍ എന്തെങ്കിലും മെച്ചമുണ്ടെങ്കില്‍ അത് നിങ്ങളുടെ സംസര്‍ഗവും,പ്രോത്സാഹനവും തെറ്റ് തിരുത്തലും ഒക്കെ കൊണ്ടാണ്.നന്ദി.നന്ദി.

    ReplyDelete
  2. വായിച്ചു രൂപേഷ്. ഈ കഥ വായിച്ചതോടെ ഞാൻ ഒരു തീരുമാനമെടുത്തു. എന്നാ മടക്കം എന്ന ചോദ്യം ഞാനും പലരോടും ചോദിച്ചുപോയിട്ടുണ്ട്. ഈ ചോദ്യം ഇനി ഞാൻ ആരോടും ചോദിക്കില്ല. പ്രവാസനൊമ്പരം എന്തെന്നറിയാത്ത ഞാൻ ചെയ്തുപോയ ഒരു തെറ്റായിരുന്നു ആ ചോദ്യം എന്ന് ഈ വൈകിയ വേളയിൽ മനസ്സിലാക്കുന്നു. ഇനി ഈ ചോദ്യം ഞാൻ ആരോടും ചോദിക്കില്ല.....

    കഥ അവസാനഭാഗത്താണ് കൂടുതൽ നന്നായത്. കൃത്യമായി ഒരു അവസാനത്തിലേക്ക് കഥയെ എത്തിക്കാനയി.....

    ReplyDelete
    Replies
    1. വളരെ സന്തോഷം പ്രദീപേട്ടാ
      നന്ദി

      Delete
  3. എന്നാ മടക്കം..? ക്രൂരതയുടെ വെള്ളിവാള്‍ തലപ്പ്‌ പോലൊരു ചോദ്യം.

    ReplyDelete
    Replies
    1. നന്ദി ചേച്ചി,,..വായനക്ക്

      Delete
  4. "എന്നാ മടങ്ങിപ്പോകുന്നത്?"

    ഓരോ പ്രവാസിയും നേരിടുന്ന ഏറ്റവും ക്രൂരമായ ചോദ്യം. ഞാന്‍ മൂന്നുകൊല്ലം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ നിരവധിവട്ടം ഈ ചോദ്യം നേരിട്ടു. അന്നൊന്നും അതത്ര ഭീകരമായി തോന്നിയില്ല. രണ്ടുമൂന്നാവര്‍ത്തി വന്നുപോയശേഷം ആ ചോദ്യം കേള്‍‍ക്കുമ്പോള്‍ ദേക്ഷ്യം വന്നു തുടങ്ങി. ഒരു പ്രാവശ്യം പുലര്‍ച്ചെ വീട്ടിലെത്തി ഡ്രെസ്സൊക്കെ മാറി തൊട്ടുതാഴെയുള്ള കടയില്‍ ചായ കുടിക്കാമെന്ന്‍ കരുതി ചെന്നപ്പോള്‍ ചായ കുടിച്ചുകൊണ്ടിരുന്ന ഒരു ക്രൂരന്‍ ഇതേ ചോദ്യം ചോദിച്ചു. പെട്ടന്നുണ്ടായ ദേക്ഷ്യത്തില്‍ ഇന്നുച്ചയ്ക്ക് തന്നെ പോകും എന്ന്‍ കടുപ്പിച്ചങ്ങ് പറഞ്ഞു. ഞാന്‍ ഒരു സിഗററ്റും വാങ്ങി കടയുടെ വശത്തേയ്ക്ക് മാറിനിന്നത് പുകയ്ക്കുമ്പോള്‍ അയാളുടെ ശബ്ദം എന്റെ ചെവിയിലേക്കരിച്ചെത്തി.

    "ഹോ പേര്‍ഷ്യേക്കാരനെന്നൊരു ജാഡ. അല്ലെങ്കി തന്നെ ഇവനൊക്കെ പോയിട്ട് എന്തൊലത്താനാ"

    ReplyDelete
    Replies
    1. പ്രവാസിയുടെ പ്രയാസം ആരോട് പറയാന്‍.....,... ല്ലേ..

      നന്ദി ..വായനക്ക്

      Delete
  5. വന്നു വന്നു നമ്മടെ രീതിയില്‍ ആവുന്നല്ലോ..
    ലതാണ് -
    ചാരിയാ ചാരിയത് മണക്കും.
    (പ്രദീപ്‌ മാഷിനെ നന്നാക്കിയ കഥ എങ്ങനെ മറക്കാൻ ? :D)

    ReplyDelete
  6. എന്നാ മടക്കം എന്ന സ്നേഹാന്വേഷണത്തില്‍ ഒളിച്ചുവെച്ചിരിക്കുന്ന
    ഒളിയമ്പിന്‍റെ മുന.......
    നന്നായി കഥ
    ആശംസകള്‍

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. പ്രവാസിയെ മനൊഹരമ്മയി അവതരിപ്പിച്ചു ............ ഭാവുകങ്ങൾ

    ReplyDelete