Saturday, August 17, 2013

കീറിയ ഒരു തഴപ്പായ

ഇന്നലെ വീട് വൃത്തിയാക്കലായിരുന്നു ഞാനും കെട്ടിയോളും.ആവശ്യമില്ലാത്തതും സ്ഥലം മെനക്കെടുത്തുന്നതുമായ പല സാധനങ്ങളും ചവറ്റുകുട്ടയിലായി.കൂട്ടത്തില്‍ ഒരു തഴപ്പായയും.ഇവിടെ ഈ മരുഭൂമിയില്‍ നാടിന്‍റെ ഓര്‍മയ്ക്കെന്ന വണ്ണം കൂടെ കൂടിയതാണ്,ഒരു സുഹൃത്തിന്‍റെ കൈയില്‍ നിന്നും.അതിനെ ചവറ്റ് കുട്ടയിലിടുമ്പോള്‍ ഒരു നിമിഷം സന്ദേഹിച്ചു.പക്ഷെ ഈ ഒറ്റ മുറി വീട്ടില്‍ നിനക്ക് സ്ഥലമില്ല ചങ്ങാതി....വിട.
ആ പായ എന്നെ ചിലതെല്ലാം ഓര്‍മിപ്പിച്ചു.ഒരു കാലത്ത് നാട്ടിലെ സ്ത്രീകളുടെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു തഴപ്പായ നെയ്ത്ത്.കൈത( Screw pine) എന്നാണ് പൊതുവേ ഈ ചെടിയെ വിളിക്കാറ്.കായലിറമ്പത്തും തോട്ടു വക്കിലും പാടത്തിന്‍റെ കരയിലുമൊക്കെയാണു സാധാരണ കാണുക.ഇലയില്‍ നിറയെ മുള്ളുകള്‍..,പൈന്‍ ആപ്പിളിനോട് സാമ്യമുള്ള ഫലം.ഇലകള്‍ ചെത്തി മിനുക്കി വീതി കുറച്ച് കീറിയെടുത്ത്‌ വൃത്താകാരത്തില്‍ മടക്കി വെയിലത്തിട്ട്‌ ഉണക്കിയെടുക്കും.എന്നിട്ട് വീണ്ടും വീതി കുറച്ചു കീറിയെടുത്തിട്ടാണ് പായ നെയ്യുക.
ഞങ്ങളുടെ അയല്‍പക്കത്തെ ചേച്ചിയാണ് അമ്മയെയും മറ്റും നെയ്ത്ത് പഠിപ്പിച്ചത്.അവര്‍ പാ നെയ്യാന്‍ അതിവിദഗ്ദ്ധയായിരുന്നു.അതിമനോഹരവും മേന്മയുള്ളതുമായ പായകളായിരുന്നു ചെച്ചിയുടെത്.അവിടങ്ങളില്‍ നല്ല വില കിട്ടുന്ന പായകളിലൊന്ന് ചെച്ചിയുടെതായിരുന്നു.
പൊരിവെയിലില്‍ പാടത്തെ പണിയും കഴിഞ്ഞ് വന്നു വീട്ടിലെ പണികളും ഒതുക്കി അവര്‍ പാ നെയ്യാനിരിക്കും.
ഇന്ന് ബേബി കെയര്‍ സെന്‍ററുകളും വീട്ടുജോലിക്ക് യന്ത്രങ്ങളും ഉണ്ടായിട്ടും ജോലിഭാരത്തെക്കുറിച്ച് നമ്മളൊക്കെ വിലപിക്കുമ്പോള്‍ വെയില് കൊണ്ട് കരുവാളിച്ച ശരീരവും കൈതമുള്ള് തറച്ചും കത്തികൊണ്ട് വരഞ്ഞു കീറിയതുമായ വിരലുകളും ഒക്കെയായി ആ അമ്മമാര്‍ എന്‍റെ ഓര്‍മകളില്‍ നിന്ന് വെളുക്കനെ ചിരിക്കുന്നു.
സമാനതകളില്ലാത്ത ആ അധ്വാനത്തിന്‍റെ വിയര്‍പ്പും കണ്ണീരും വീണ പായ എനിക്ക് സ്ഥലം മിനക്കെടുത്തുന്ന പാഴ് വസ്തുവായി. തീ വെയിലില്‍ പണി കഴിഞ്ഞു വന്നു നെയ്ത് കൂട്ടി മക്കളെ പോറ്റി വളര്‍ത്തിയ ആ അദ്ധ്വാനത്തെയാണ് ഞാന്‍ ചവറ്റുകുട്ടയിലെറിഞ്ഞത്.ഒരിക്കല്‍ എന്‍റെ വീടിന്‍റെയും നാടിന്‍റെയും വിശപ്പ്‌ കെടുത്തിയ തഴപ്പായ.അത് കീറിപ്പോയി.വിലയില്ലാത്തതായി.അതിനു സ്ഥലമില്ല എന്‍റെ വീട്ടില്‍.വിയര്‍പ്പുനാറ്റമുള്ള പഴമക്ക് എന്‍റെ മനസ്സിലും.

9 comments:

  1. പണ്ടത്തെ വീടുകളിൽ എല്ലാം ഉണ്ടായിരുന്ന ഒരു വസ്തുവായിരുന്നു പായ.തടുക്കു എന്നും ഇതിനെ വിളിച്ചിരുന്നു എന്നാണു ഓര്മ്മ. ഉപയോഗം കഴിഞ്ഞു ചുരുട്ടി വെച്ചിരിക്കുന്ന പായകൾ.. കുട്ടികളെ കിടത്താനും, മൂത്രം ഒഴിച്ച് കഴിഞ്ഞാൽ കഴുകി ഉണ്ടാക്കി എടുക്കാനും സൗകര്യം.

    കര്ക്കിടകമാസം ഒന്നാം തീയതി നടക്കുന്ന സംക്രാന്തി വഴി വാണിഭത്തിൽ എല്ലാ കൊല്ലവും പായ കണ്ടിട്ടുണ്ട്. ഈ കഴിഞ്ഞ മാസം കര്ക്കിടക സംക്രാന്തി ദിവസം അവിടെ പോയപ്പോൾ ഞാൻ കാണാത്ത പഴയ ചില സാധനങ്ങളുടെ കൂടെ പായും ഉണ്ടായിരുന്നു!

    ReplyDelete
  2. പലരും എഴുതാതിരുന്ന പ്രധാനപ്പെട്ട വിഷയം. നാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു കൈതയോല കൊണ്ടുള്ള പായകളും, അതിന്റെ പിന്നിലെ സാംസ്കാരിക വിനിമയങ്ങളും..... നിസ്സാരമെന്നു തോന്നുമെങ്കിലും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക പ്രത്യേകതകളില്‍ ഒന്നാണിത്.....

    പലതും ഓര്‍മ്മിപ്പിച്ച ചെറിയ കുറിപ്പ്

    ReplyDelete
  3. നന്ദി...സന്തോഷം

    ReplyDelete
  4. വരും തലമുറക്ക് ഇതൊക്കെ വെറുമൊരു കേട്ട് കേള്‍വി മാത്രമാകും ഈ കൈതോല പ്പായകള്‍. പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് സിനിമകളിലെ സ്ഥിരം കാഴ്ച . നല്ല പോസ്റ്റ്‌ .

    ReplyDelete
    Replies
    1. നന്ദി..ഫൈസല്‍ ഇക്കാ

      Delete
  5. എന്റെ ഗ്രാമത്തില്‍ നിത്യ സാധാരണമായ കൈതോല .ഇത് പൂക്കുമ്പോള്‍ എന്താ വാസന. ഒരു പൂ, ഇല്ലെങ്കില്‍ ഒരു ഇതള്‍ എങ്കിലും കിട്ടാന്‍ കൊതിച്ച ബാല്യം. എല്ലാ വിഷുവിനും രണ്ടു പായും കൊണ്ട് വീട്ടിലെത്താറുണ്ടായിരുന്ന സ്ത്രീയോട് ഇരന്നിട്ടുണ്ട്.ഒരു താഴംബൂവിനു വേണ്ടി.

    ReplyDelete
  6. സന്തോഷം ..ചേച്ചി

    ReplyDelete