Monday, December 23, 2013

ഒരു ബ്രോയിലര്‍ പ്രണയം

ഞാനൊരു നാടന്‍.അവളൊ(അതോ അവനോ?) ഒരു ബ്രോയിലര്‍.
ഒരേ കത്തിത്തലപ്പിനു  കാത്തിരിക്കുമ്പോഴും ഞാന്‍ അവളെ വല്ലാതെ സ്നേഹിച്ചു.
ഒരു ദിനം എന്നേയ്ക്കുമുമ്പേ അവള്‍ കത്തിയ്ക്കിരയായി.

നടുക്കത്തോടെ ഞാന്‍ കണ്ടു.
അവള്‍ക്ക് കരളും ഹൃദയവുമില്ലായിരുന്നു...!!!

അല്ലെങ്കില്‍ തന്നെ എന്തിനു കരളും ഹൃദയവും. ആരുടെയോ ആമാശയത്തില്‍ പോയൊടുങ്ങാനുള്ള ജന്മങ്ങള്‍ക്ക് ശിരസ്സ്‌  തന്നെ ഒരു ആര്‍ഭാടമല്ലേ?

ഞാന്‍ കത്തി രാകലിന് ചെവിയോര്‍ത്ത് കണ്ണുകള്‍ അടച്ചു കിടന്നു.


Wednesday, September 25, 2013

മേഘവിസ്ഫോടനം

വാതിലില്‍ ഇടതടവില്ലാതെ  ശക്തിയായി ആരോ മുട്ടുന്നു.ഫാദര്‍ ജോസഫ്‌ തപ്പിത്തടഞ്ഞെഴുന്നേറ്റു സമയം നോക്കി.വെളുപ്പിന് ഒരു മണിയോടടുക്കുന്നു.
പ്രചണ്ഡമായ  ഒരു താളത്തോട്‌ കൂടി പ്രകൃതി ഉറഞ്ഞു തുള്ളിയ രാത്രി.മഴ ഇനിയും ശമിച്ചിട്ടില്ല.വന്യമായ കാറ്റിന്‍റെ ഹുങ്കാരം.പ്രകൃതി അതിന്‍റെ സംഹാര രൂപത്തിലാണ്.

വീണ്ടും വാതിലില്‍ മുട്ട്.

ആരാണീ അസമയത്ത്?

ഫാദര്‍ വാതില്‍ക്കലേക്ക് നടന്നു.വെളിച്ചത്തില്‍ കുളിച്ചിട്ടും ഇരുട്ട് ഘനീഭവിച്ചത് പോലെ ഒരു രൂപം വരാന്തയില്‍.,.പെട്ടെന്ന് അത് ചില്ല് ജനാലയ്ക്ക് അരികില്‍ വന്നു കൈ കൂപ്പി നിന്നു.കൈകള്‍ക്കുള്ളില്‍ എന്തോ അടുക്കി പ്പിടിച്ചിരിക്കുന്നു.മുഖം പരിചയമുള്ളതായി തോന്നി.ഫാദര്‍ വാതില്‍ തുറന്നു.

" മോളെ...നീ...ഈ സമയത്ത്..?? "

രക്തം വിയര്‍ക്കുന്ന ഗത് സമെന്‍ അവളുടെ കണ്ണുകളില്‍ തളം കെട്ടി ക്കിടക്കുന്നത് ഫാദര്‍ കണ്ടു.മനുഷ്യ വ്യഥകള്‍ ഒരുപാട് കണ്ടും കേട്ടും തഴക്കം വന്ന ആ  ജ്ഞാനവൃദ്ധന്‍റെ ഹൃദയം ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിനെയും ആവശ്യത്തെയും തിരിച്ചറിഞ്ഞു.

" അച്ചോ ..എനിക്കൊന്ന്..."

അച്ചന്‍ അവളുടെ കരം ഗ്രഹിച്ചു.

ക്ലാര.

"ഭ്രാന്തന്‍റെ കാലിലെ വ്രണമാകാന്‍ കൊതിച്ച കാല്പനികത മുറ്റിയ ക്ലാരയല്ലച്ചോ ഇത്.ഞാനൊരു വ്രണമാണ്.ഒരിക്കലും ഉണക്കില്ലാത്ത ചോരയൊലിക്കുന്ന വ്രണം."

പള്ളിക്കമ്മിറ്റിയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ തിരിഞ്ഞതിന് വിചാരണ ചെയ്തു കഴിഞ്ഞ് സ്വകാര്യ സംഭാഷണത്തില്‍ അവള്‍ പറഞ്ഞ ആ വാക്കുകള്‍ ഫാദര്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു.

ഒരു പാതിരിക്ക് ഓരോ കുമ്പസാരങ്ങളും ഓരോ പരീക്ഷണങ്ങളാണ്.മറ്റു മനുഷ്യരുടെ വ്യഥകളും രഹസ്യങ്ങളും പേറുന്ന ജീവനുള്ള ഒരു കുമ്പസാരക്കൂടാണ് പുരോഹിതന്‍.,.മനസ്സിനെ ബലപ്പെടുത്താനുള്ള കൃപ യാചിച്ചു കൊണ്ട് അദ്ദേഹം ഇരുവശങ്ങളിലും ദ്വാരങ്ങളുള്ള ആ മരക്കൂടിലേക്ക് കയറി.മനസ്സില്‍ ഒരു ക്രിസ്തു കുരിശിലേക്കു കയറിക്കിടന്നു.

എന്തുചെയ്യണം എന്നറിയാതെ ഫാദര്‍ ജോസഫ്‌ ഇരുന്നു.അത്രയ്ക്ക് ഹൃദയ ഭേദകമായിരുന്നു അവളുടെ കരച്ചില്‍.,.ഇത്രയും വര്‍ഷത്തെ വൈദിക ജീവിതത്തിനിടയില്‍ ഒരു മനുഷ്യനും ഇതുപോലെ കുമ്പസാരക്കൂടിനടുത്തിരുന്നു  ഹൃദയം പിളര്‍ന്ന്നിലവിളിച്ചതായി അദ്ദേഹം ഓര്‍ക്കുന്നില്ല.പലതവണ ക്ലാരെ എന്ന് വിളിച്ചെങ്കിലും കരച്ചില്‍ നിന്നില്ല.മിനിട്ടുകള്‍ നീണ്ട തീവ്രമായ നിലവിളിക്ക്  ശേഷം ക്ലാര ഒന്നടങ്ങി.അവളുടെ ചങ്കിലെ ദുഃഖത്തിന്‍റെ മേഘവിസ്ഫോടനത്തെ ഏറ്റുവാങ്ങാന്‍  മഴയത്ത് നില്‍ക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട ഒരു ബാലന്‍റെ മനസ്സുമായി ഫാദര്‍ തയാറായിരുന്നു.

അനക്കമൊന്നുമില്ല
.
അദ്ദേഹം തല തിരിച്ചു നോക്കി.

അച്ചന്‍ വേവലാതിയോടെ പള്ളി വരാന്തയിലേക്കിറങ്ങി.മങ്ങിയ വെട്ടത്തില്‍ ക്ലാര നടന്നു പോകുന്നത് അദ്ദേഹം അതിശയത്തോടെ അതിലധികം വിങ്ങലോടെ കണ്ടു നിന്നു.

തിരിച്ചു പള്ളിക്കകത്ത്‌ കയറിയ ഫാദര്‍ കുമ്പസാരക്കൂടിനടുത്തു കിടന്ന പ്ലാസ്റ്റിക്‌ കവര്‍ കൈയിലെടുത്തു.

ഒരു സാരി......മന്ത്രകോടി പോലെ.

പൊട്ടിയ ഒരു താലിമാല.

പിന്നെ....ഒരുള്‍ക്കിടിലത്തോടെ അദ്ദേഹം കണ്ടു.കഠാരയില്ലാത്ത ഒരു തോലുറ.!!

ഫാദറിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോയി.
വേപഫുവോടെ ആ വൃദ്ധന്‍റെ മനസ്സ് ക്ലാരയ്ക്ക്‌ പിറകെ പാഞ്ഞു.

തണുത്ത ആ രാത്രിയില്‍ അനേകം മനോവേദനകളുടെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ മരക്കൂട് ഒരു പൊള്ളയായ നെഞ്ചിന്‍ കൂട് പോലെ വിറപൂണ്ടു നിന്നു.
എന്ത് വേണ്ടൂ എന്നറിയാതെ അതിന്‍റെ നിഴലില്‍ വൃദ്ധനായ ആ പാതിരിയും.


(കടപ്പാട്-ശ്രീ ബോബി ജോസ് കട്ടികാടിന്‍റെ ഹൃദയ വയലിനോട്‌),)



Thursday, September 19, 2013

മടക്കയാത്ര(ഒരു തിരുത്ത്)


ന്മപുണ്യങ്ങള്‍ കൈകോര്‍ത്ത് നിന്ന ഏതോ ഒരു ധന്യ നിമിഷത്തിലാകണം,കറവ പ്പശുവിനെ ക്കുറിച്ച് അവര്‍ ചിന്തിച്ചത്.

"അതിനും വേണ്ടേ ഒരു ജീവിതം"

പത്ത് കൊല്ലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക്.ഒന്നിന് മീതെ ഒന്നായി വന്ന പ്രാരാബ്ദങ്ങള്‍ തെല്ലൊതുക്കി മൂരി നിവര്‍ത്ത് തിരിഞ്ഞു നോക്കിയപ്പോള്‍  ജീവിതം ഒരു മരുഭൂമി.
വീട്ടുകാര്‍ ഇപ്പോള്‍ തനിക്കു വിവാഹം ആലോചിക്കുന്നു.
നല്ല കാര്യം

 " എനിക്കും വേണ്ടേ ഒരു ജീവിതം "

ജന്മദേശം.
പ്രണയാഭ്യര്‍ത്ഥനയ്ക്കു മുന്നില്‍ പൂത്തുലഞ്ഞ്  നമ്രശിരസ്കയായി നില്‍ക്കുന്ന ഋതുമതിയായ ശാലീന സുന്ദരിയില്‍ നിന്നും തിളങ്ങുന്ന വേഷച്ചമയങ്ങളുമായി വഴിവക്കില്‍ അതിഥിയെ കാത്തു നില്‍ക്കുന്ന ഗണികയുടെ രൂപത്തിലേക്ക് മാറാന്‍ തന്‍റെ നാടിന് വെറും പത്ത് വര്‍ഷം മാത്രമോ?അയാള്‍ അത്ഭുതം കൂറി.മധുരം പുരട്ടിയ അതി പുരാതനമായ ആ കയ്പ്പുള്ള ചോദ്യവുമായി സ്നേഹിതരും ബന്ധുക്കളും.

" എന്നാ മടക്കം? "

പെണ്ണ് തെണ്ടല്‍ പെട്ടന്ന് കഴിഞ്ഞു.വലിയ വിലപേശല്‍ ഇല്ലാതെ കാര്യം കഴിഞ്ഞു.തരക്കേടില്ലാത്ത ഒരു ആര്‍ഭാട വിവാഹം.ആദ്യത്തെതല്ലേ കുറയ്ക്കരുതല്ലോ.ഒരു വളിച്ച ഫലിതം.

സുന്ദര സുരഭില മദന സ്വപ്നങ്ങളുടെ ആദ്യ രാത്രി.പുത്തന്‍ തലമുറ ഗണത്തില്‍ പെട്ട തരുണി മൌനത്തിന്‍റെ കെട്ടു പൊട്ടിച്ചു.

" എന്നാ മടക്കം ? "

നീ ഒരു നിത്യ പ്രവാസിയാകാന്‍ ജനിച്ചവനെന്നുഓര്‍മപ്പെടുത്തുന്ന ആ ചോദ്യം ഇപ്പോഴയാളെ ശരിക്കും പിളര്‍ത്തിക്കളഞ്ഞു.

സുരത വേളയുടെ പരകോടിയില്‍ അയാളില്‍ ഒരു മഹാവിസ്ഫോടനം നടന്നു.അതീന്ദ്രിയമായ ഒരനുഭവം.
മണലിലേക്ക് അയാള്‍ മൂക്ക് കുത്തി വീണു.മുഖമുയര്‍ത്തി നോക്കി.വെള്ളിവെളിച്ചത്തിന്‍റെ ഒരു വലിയ കുട.നോക്കെത്താ ദൂരത്തോളം മരുഭൂമി.അകലെ ഒരേയൊരു വൃക്ഷം.
പതുക്കെ അന്തരീക്ഷം മാറി.ചെറിയ പൊടിക്കാറ്റ്.ഒരു കൊള്ളിയാന്‍.,...ഇരുട്ട് വീണു.ചുട്ടു പൊള്ളുന്ന മണ്ണിലേയ്ക്ക്,ഭൂമിയുടെ മേലെ  ആകാശ രേതസ്സ് പെയ്തിറങ്ങി.

 അനന്തരം രാത്രിയുടെ അവസാന യാമത്തില്‍ അയാള്‍ മണിയറയില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു പോയി. അവളുടെ ഗര്‍ഭത്തില്‍ മറ്റൊരു രാഹുലന്‍ ഉരുവാകും മുന്‍പേ അയാള്‍ക്ക് അതിര്‍ത്തി താണ്ടണമായിരുന്നു.ഒരുകാരക്ക തൊണ്ട് പോലും ആര്‍ക്കെങ്കിലും വേണ്ടി കരുതിവയ്ക്കാന്‍ കഴിയാത്ത വിധം അയാളുടെ ഹൃദയം അത്രമാത്രം ചുരുങ്ങിപ്പോയിരുന്നു.

Thursday, September 12, 2013

പ്രണയത്തിന്‍റെ തിരുശേഷിപ്പുകള്‍.

സാധാരണ പറയാറുള്ളതുപോലെ ഒരു "തമാശയ്ക്ക്' തുടങ്ങിയ ബന്ധം.സിരകളെ ചുട്ടെടുക്കുന്ന പ്രണയമായി മാറാന്‍ അധികനേരമെടുത്തില്ല.ലോകം മുഴുവനും പോരിനു വന്നാലും നേരിടും.ഒരുമിച്ചു ജീവിക്കാന്‍ സകലതും ത്യജിക്കാനും ഏതു ദുരിതക്കടല്‍ നീന്താനും തയ്യാര്‍..,പതിവ് പല്ലവികള്‍.,..പ്രണയലഹരി തലയ്ക്കു പിടിച്ച രണ്ടു ജന്മങ്ങള്‍.
എതിര്‍പക്ഷത്തും ആളുകള്‍ക്ക് പഞ്ഞമില്ല.സമുദായ വേലികള്‍ പൊളിക്കുന്നത് സഹിക്കാന്‍ പറ്റാത്തവര്‍.,രോഷം,കണ്ണീര്,ശാപം...പ്രാക്ക്,ആത്മഹത്യാ ഭീഷണി,മാനസീക പിരിമുറുക്കങ്ങള്‍,രോഗം,ആശുപത്രി.....എന്നിട്ടും അവസാനം ജയം അവര്‍ക്ക്.പ്രണയികള്‍ക്ക്.ഒന്നായി.അനിര്‍വചനീയമായ പരമാനന്ദം.

പതുക്കെ പതുക്കെ ലഹരിയുടെ കെട്ടിറങ്ങി.പ്രണയാകാശത്തു നിന്ന് ജീവിതത്തിന്‍റെ പച്ചച്ച ഭൂമികയിലേക്ക് ഇറങ്ങിനിന്നു.പിന്നിട്ട യുദ്ധക്കളത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.കരളുപൊടിയുന്ന കാഴ്ച.

പതിതരായ നാല് ആത്മാക്കള്‍.വൃദ്ധര്‍.,തകര്‍ന്ന സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മാറാപ്പും പേറി....നിസംഗരായി.
ഒരു നിമിഷം.പ്രണയികള്‍ നിറകണ്ണുകളുമായി വരുടെ അടുത്തേയ്ക്ക്.ആ നാലാത്മാക്കളും അവരുടെ അടുത്തെയ്ക്കും.കൈകള്‍ വിരിച്ചുപിടിച്ച്.....സ്നേഹപ്രവാഹം.

പിന്നെ അവരൊരുമിച്ച് നടന്നു തുടങ്ങി.എവിടെയോ അവസാനിക്കുന്ന ആ അനന്തപാതയിലൂടെ.....

Saturday, August 17, 2013

കീറിയ ഒരു തഴപ്പായ

ഇന്നലെ വീട് വൃത്തിയാക്കലായിരുന്നു ഞാനും കെട്ടിയോളും.ആവശ്യമില്ലാത്തതും സ്ഥലം മെനക്കെടുത്തുന്നതുമായ പല സാധനങ്ങളും ചവറ്റുകുട്ടയിലായി.കൂട്ടത്തില്‍ ഒരു തഴപ്പായയും.ഇവിടെ ഈ മരുഭൂമിയില്‍ നാടിന്‍റെ ഓര്‍മയ്ക്കെന്ന വണ്ണം കൂടെ കൂടിയതാണ്,ഒരു സുഹൃത്തിന്‍റെ കൈയില്‍ നിന്നും.അതിനെ ചവറ്റ് കുട്ടയിലിടുമ്പോള്‍ ഒരു നിമിഷം സന്ദേഹിച്ചു.പക്ഷെ ഈ ഒറ്റ മുറി വീട്ടില്‍ നിനക്ക് സ്ഥലമില്ല ചങ്ങാതി....വിട.
ആ പായ എന്നെ ചിലതെല്ലാം ഓര്‍മിപ്പിച്ചു.ഒരു കാലത്ത് നാട്ടിലെ സ്ത്രീകളുടെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു തഴപ്പായ നെയ്ത്ത്.കൈത( Screw pine) എന്നാണ് പൊതുവേ ഈ ചെടിയെ വിളിക്കാറ്.കായലിറമ്പത്തും തോട്ടു വക്കിലും പാടത്തിന്‍റെ കരയിലുമൊക്കെയാണു സാധാരണ കാണുക.ഇലയില്‍ നിറയെ മുള്ളുകള്‍..,പൈന്‍ ആപ്പിളിനോട് സാമ്യമുള്ള ഫലം.ഇലകള്‍ ചെത്തി മിനുക്കി വീതി കുറച്ച് കീറിയെടുത്ത്‌ വൃത്താകാരത്തില്‍ മടക്കി വെയിലത്തിട്ട്‌ ഉണക്കിയെടുക്കും.എന്നിട്ട് വീണ്ടും വീതി കുറച്ചു കീറിയെടുത്തിട്ടാണ് പായ നെയ്യുക.
ഞങ്ങളുടെ അയല്‍പക്കത്തെ ചേച്ചിയാണ് അമ്മയെയും മറ്റും നെയ്ത്ത് പഠിപ്പിച്ചത്.അവര്‍ പാ നെയ്യാന്‍ അതിവിദഗ്ദ്ധയായിരുന്നു.അതിമനോഹരവും മേന്മയുള്ളതുമായ പായകളായിരുന്നു ചെച്ചിയുടെത്.അവിടങ്ങളില്‍ നല്ല വില കിട്ടുന്ന പായകളിലൊന്ന് ചെച്ചിയുടെതായിരുന്നു.
പൊരിവെയിലില്‍ പാടത്തെ പണിയും കഴിഞ്ഞ് വന്നു വീട്ടിലെ പണികളും ഒതുക്കി അവര്‍ പാ നെയ്യാനിരിക്കും.
ഇന്ന് ബേബി കെയര്‍ സെന്‍ററുകളും വീട്ടുജോലിക്ക് യന്ത്രങ്ങളും ഉണ്ടായിട്ടും ജോലിഭാരത്തെക്കുറിച്ച് നമ്മളൊക്കെ വിലപിക്കുമ്പോള്‍ വെയില് കൊണ്ട് കരുവാളിച്ച ശരീരവും കൈതമുള്ള് തറച്ചും കത്തികൊണ്ട് വരഞ്ഞു കീറിയതുമായ വിരലുകളും ഒക്കെയായി ആ അമ്മമാര്‍ എന്‍റെ ഓര്‍മകളില്‍ നിന്ന് വെളുക്കനെ ചിരിക്കുന്നു.
സമാനതകളില്ലാത്ത ആ അധ്വാനത്തിന്‍റെ വിയര്‍പ്പും കണ്ണീരും വീണ പായ എനിക്ക് സ്ഥലം മിനക്കെടുത്തുന്ന പാഴ് വസ്തുവായി. തീ വെയിലില്‍ പണി കഴിഞ്ഞു വന്നു നെയ്ത് കൂട്ടി മക്കളെ പോറ്റി വളര്‍ത്തിയ ആ അദ്ധ്വാനത്തെയാണ് ഞാന്‍ ചവറ്റുകുട്ടയിലെറിഞ്ഞത്.ഒരിക്കല്‍ എന്‍റെ വീടിന്‍റെയും നാടിന്‍റെയും വിശപ്പ്‌ കെടുത്തിയ തഴപ്പായ.അത് കീറിപ്പോയി.വിലയില്ലാത്തതായി.അതിനു സ്ഥലമില്ല എന്‍റെ വീട്ടില്‍.വിയര്‍പ്പുനാറ്റമുള്ള പഴമക്ക് എന്‍റെ മനസ്സിലും.

Friday, August 2, 2013

കിഴവന്‍

ആധാര്‍ ഉള്‍പ്പെടെ ഒരു തിരിച്ചറിയല്‍ രേഖയും കൈയിലില്ലാത്ത വൃദ്ധനെ അയാള്‍ രൂക്ഷമായി നോക്കി.
ഒരു കണ്ണടയും ഊന്നുവടിയും പുറത്തേക്ക് എറിയപ്പെട്ടു.....പിറകെ...

ആ ദിവസത്തെ " അടിവലി"യുടെ കണക്കെടുക്കുമ്പോള്‍ കടലാസ് കഷണങ്ങളില്‍ വൃദ്ധന്‍ നിഷ്കളങ്കമായ ചിരിയുമായി.

ഒരു മുഴുത്ത തെറി വിളിച്ചിട്ട് അയാള്‍ വൈകിട്ടത്തെ "പരിപാടിക്ക്" പോയി.

Friday, June 14, 2013

പുളിയുള്ള ഓര്‍മ്മകള്‍.

                                                                                        foto-www.tumblr.com
കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ ഡോ.കെ.സി കൃഷ്ണകുമാറിന്റെ ഒരു ഓര്‍മ്മക്കുറിപ്പ്‌ (http://www.mathrubhumi.com/kids/story.php?id=320532)വായിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്കും ഓടിയെത്തി.
വിഷയം കുടംപുളിയാണ്.ഒപ്പം ചില മോഷണക്കഥകളും.

ഉദയനാപുരത്ത് ഞങ്ങളുടെ വീടിനു ചുറ്റുവട്ടത്അത്രയും വലിയ  വേറൊരു കുടമ്പുളി മരം ഉണ്ടായിരുന്നില്ല.ഡോക്ടര്‍ എഴുതിയത് പോലെ ഒരു കൊക്ക് ഞങ്ങളുടെ മരത്തിലും ഉണ്ടായിരുന്നു.കുടംപുളി പൊട്ടിച്ചു കഴിക്കുമ്പോള്‍ ഉള്ളിലെ കുരു മിക്കവാറും വിഴുങ്ങിപ്പോകും.രാവിലെ "വെളിക്കിറങ്ങുമ്പോള്‍" ".""." "..," വിവരമറിയും.പഴുത്ത പുളിയുടെ തോണ്ടും മുളക് പൊടിയും ഉപ്പും കൂടി അരകല്ലില്‍ വച്ച് ചതച്ചു തിന്നുക ഞങ്ങള്‍ കുട്ടികളുടെ ഒരു പണിയായിരുന്നു,പല്ലില്‍ അല്പം മഞ്ഞ പശ പിടിക്കും.പുളിയുടെ രുചി  ഓര്‍ത്താല്‍ പശയോക്കെ ആര് നോക്കുന്നു.

ഈ പുളി മരത്തെ ഓര്‍ക്കാന്‍ കാരണം ഇതൊന്നുമല്ല.ആ മരത്തിലേക്ക് ആഴ്ന്നിറങ്ങിയ ഒരു കെട്ടുകമ്പി ആണ്.ഞങ്ങളുടെ വീടിനും  പിറകുവശത്തെ അമ്മിണി ഇക്കയുടെ (ശരിയായ  പേര് എനിക്കിപ്പോഴും അറിയില്ല) വീടിന്റെയും അതിരിനടുതായി   ഒരു നല്ല ഉയരമുള്ള ഒരു തെങ്ങ് ഉണ്ടായിരുന്നു.ഈ തെങ്ങ് വില്ല് പോലെ വളഞ്ഞു ഇക്കയുടെ പുരക്കു മുകളില്‍ ഒരു ഭീഷണിയായി മാറി.തെങ്ങിനെ  ഒരു സുരക്ഷ എന്ന നിലക്ക് ഞങ്ങള്‍ ഒരു കമ്പി കൊണ്ട് പത്തിരുപതു  മീറ്റര്‍ ദൂരെ നില്‍ക്കുന്ന പുളി മരത്തിലേക്ക് കെട്ടി.ഈ കമ്പി പതുക്കെ പതുക്കെ പുളി മരത്തിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങി.കമ്പി ആഴ്ന്നിറങ്ങിയ വ്രണത്തില്‍ നിന്ന് മഞ്ഞനിറത്തില്‍ കൊഴുത്തുകുറുകിയ പശയോലിപ്പിച്ച് തെങ്ങിനെ വീഴാതെ വലിച്ചു നിര്‍ത്തി പുളിമരം അങ്ങനെ നിന്നു,മനസ്സില്‍ ഒരു വേദനയായി.വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ അറക്കാന്‍ പിടിക്കുമ്പോഴും പശുക്കുട്ടിക്ക് മൂക്ക് കയര്‍ കുത്തുമ്പോഴും ആരും കാണാതെ കരഞ്ഞിരുന്ന ആ ബാല്യത്തിന്  വേദനിക്കാന്‍ മരത്തിന്‍റെ വൃണം ധാരാളമായിരുന്നു.
ഒരു രാത്രി കലിതുള്ളി വന്ന കാറ്റും മഴയും കമ്പി പൊട്ടിച്ചു തെങ്ങിനെ കൊലപ്പെടുത്തി.ആളപായമോ നാശനഷ്ട്ടങ്ങളോ ഉണ്ടാക്കി സംസാരവിഷയമാകാന്‍ തെങ്ങിന്‍റെ മരണം നിമിത്തമായില്ല.തെങ്ങിനെ രക്ഷിക്കാന്‍ കഴിയാഞ്ഞ ദുഃഖത്താലോ സ്വന്തം ദുരിതത്തില്‍ നിന്നുള്ള രക്ഷപ്പെടലിന്‍റെ സമധാനത്താലോ എന്നറിയാത്തവിധം നിസ്സന്ഗതയോടെ പുളിമരം നില്‍ക്കുന്നത് തെല്ല് ആശ്വാസത്തോടെ ഞാന്‍ കണ്ടു.

വര്‍ഷങ്ങള്‍ക്കു ശേഷം വീടിനടുത്തുകൂടി വരുന്ന റോഡിനു വേണ്ടി പുളിമരം മുറിക്കാനുള്ള അനുവാദം തേടി വിളി വന്നു.കടലിനിക്കരെയ്ക്ക്.എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു.ഓണക്കാലത്ത് അവന്‍റെ  കൈയില്‍ കെട്ടിയ ഊഞ്ഞാലും കമ്പി ആഴ്ന്നിറങ്ങിയ വൃണവും ഓര്‍മയില്‍ വന്നു.
എന്തോ ആയുസ്സിന്റെ ബലം.അവിടെയും വിധി അവനെ വെറുതെ വിട്ടു.ഇപ്പോഴും എന്നെ പുളിയുള്ള ഓര്‍മകളിലേക്ക് കൊണ്ടുപോകാനെന്ന വണ്ണം ആ മരം വീട്ടില്‍ തലയുയര്‍ത്തി നില്ല്പ്പുണ്ട്.ഉയരമുള്ള വൃക്ഷങ്ങളില്‍ മാത്രം കൂട് കൂട്ടുന്ന ആ കൊക്കിന്  ഇപ്പോഴും അവന്‍ അഭയം കൊടുത്തിട്ടുണ്ടാകുമോ ആവോ.

നേരമ്പോക്കുകള്‍ (1)

                                 foto-elizabeth-mr.blogspot.com
അനന്തമായി ഒഴുകുന്ന ഒരു മഹാനദിയില്‍ പതിച്ച ഒരില മാത്രമാണ് ഞാന്‍..,.വികാരവിചാരങ്ങളും സ്വപ്നങ്ങളും ആശയും നിരാശയും ഒക്കെയുള്ള ഒരു തുണ്ട് ജീവന്‍. ,ഈ നദിയുടെ ഒഴുക്കിനെ നിയന്ത്രിക്കാനോ എങ്ങോട്ട് പോകുന്നെന്ന് അറിയാനോ എനിക്ക് നിര്‍വാഹമില്ല.ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്ത പല തീരങ്ങളും കാഴ്ചകളും കാണുമ്പോള്‍ ഇവയൊക്കെ ഞാന്‍ നേടിയതെന്ന് കരുതുന്നത് എത്രയോ മൌഡ്യം.അതെല്ലാം ഞാനീ നദിയില്‍ വീഴുന്നതിനു മുന്‍പോ അതിനുമപ്പുറത്ത്‌ വച്ചോ തീരുമാനിക്കപ്പെട്ടവയല്ലേ.?എന്‍റെ അല്പബുദ്ധിക്ക് ഗ്രഹിക്കാന്‍  പറ്റാത്തവിധം ദുരൂഹവും സങ്കീര്‍ണവുമാണ് ഈ നദിയിലെ അനുഭവങ്ങള്‍.,.....ഇനിയുമെത്രനാള്‍ ഈ ഒഴുക്കിനൊപ്പം???

Wednesday, June 5, 2013

ഇര


 " പ്രിയപ്പെട്ട ഡോക്ടര്‍,

ഞാന്‍ ജീവിതം മടുത്തു.വല്ലാത്ത ഒരു പ്രശ്നത്തിലാണ് ഞാന്‍.,എന്‍റെ മകളുമായി പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല.അവളോടോത്ത് ജീവിക്കാന്‍ തന്നെ ഭയമാകുന്നു.പുറത്തിറങ്ങുമ്പോള്‍ പുരുഷന്മാര്‍ അവളെ തുറിച്ചു നോക്കുന്നു.അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്ന് ഞാന്‍ ഭയക്കുന്നു.സ്കൂളില്‍ വിട്ടാല്‍ അധ്യാപകര്‍ പീഡിപ്പിക്കുമോ എന്ന് ഭയം.തനിച്ചു ഒരിടത്തേക്കും വിടാന്‍ വയ്യ.എനിക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല.ഭാര്യയില്ലാത്തപ്പോള്‍ മകളുമായി വീട്ടിലിരിക്കാന്‍ സാധ്യമല്ല.ഞാന്‍ അവളെ പീഡിപ്പിക്കുമോ എന്നാണ് ഭയം.ഒരു സമാധാനവുമില്ല.എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടര്‍.,?...........


" ഒരിക്കലും വായിക്കാത്തയാള്‍ക്ക് എങ്ങോട്ടെങ്കിലും പോകാനിറങ്ങിയപ്പോഴാ വായിക്കാന്‍ മുട്ടിയത്‌"".,"

ഭാര്യ ഭര്‍ത്താവിന്റെ കൈയില്‍ നിന്നും മാസിക വാങ്ങി വച്ചു.

" വേഗം റെഡിയായിക്കെ.പോകണ്ടേ.? "

അയാള്‍ വേഷം മാറി പോകാന്‍ തയാറായി.

" അച്ഛാ.പുസ്തകം എടുത്തോളൂ.ബസ്സില്‍ ഇരുന്നു വായിക്കാം."   മകള്‍

" നിന്‍റെ അച്ഛന് പുസ്തകം അലര്‍ജിയാ  മോളെ.പത്രമേ വായിക്കൂ.അറിയതില്ലേ.."

ഭര്‍ത്താവ് എന്തോ ചിന്തയിലാണ്.

അവര്‍ ബസ് സ്റൊപ്പിലേക്ക് നടന്നു.Drainage വെള്ളം കവിഞ്ഞൊഴുകി ചീഞ്ഞു നാറിയ വഴിയരികുകള്‍..,പട്ടിണി ക്കോലങ്ങളായ പട്ടികള്‍ അലഞ്ഞു തിരിയുന്നു.എല്ലാ ഫ്ലാറ്റുകള്‍ക്കും താഴെ വെളുത്ത യൂണിഫോറത്തില്‍ നേഴ്സ്മാര്‍  വാഹനം കാത്ത് നില്‍ക്കുന്നു.അവരെ നിറച്ച വണ്ടികള്‍ തലങ്ങും വിലങ്ങും പായുന്നു.ഒരു ബസ്സില്‍ കര്‍ട്ടന്‍ അല്പം നീക്കി ഒരുവള്‍ ഭര്‍ത്താവിനെ നോക്കി ചിരിച്ചു.അയാള്‍ ഒരു വിളറിയ ചിരി ചിരിച്ചു.ബസ്‌ സ്റ്റോപ്പില്‍ നിന്നപ്പോള്‍ ഈച്ചയാര്‍ക്കുന്ന ചതഞ്ഞു പഴുത്ത ഒരു വാലുമായി ഒരു പൂച്ച അവരെ കടന്നു പോയി.

" അച്ഛാ ആ പൂച്ചയ്ക്കെന്തു പറ്റി "

" അറിയില്ല മോളെ "

" പാവം "

ബസ്സില്‍ നേരിയ തിരക്ക്.രണ്ടു സീറ്റുകള്‍ വീതം അഭിമുഖമായിട്ടുള്ളിടത്ത് മകള്‍ ചാടിക്കയറിയിരുന്നു.ഭര്‍ത്താവ് അസ്വസ്ഥനായി.എതിര്‍ സീറ്റില്‍ ഒരു പുരുഷന്‍..,രണ്ടു പേരും സീറ്റില്‍ ഇരുന്ന് മകളെ ഭാര്യ മടിയിലിരുത്തി.എതിര്‍ സീറ്റിലെ മനുഷ്യന്‍ കുട്ടിയെ നോക്കി ചിരിച്ചു.അവള്‍ പെട്ടെന്ന് ആളുകളുമായി ഇണങ്ങുന്ന പ്രകൃതമായിരുന്നു.ഇവിടെയും അത് തന്നെ സംഭവിച്ചു.ഇപ്പോള്‍ കുട്ടി ആ മനുഷ്യന്‍റെ മടിയിലാണ്.അവര്‍ വളരെ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.
ഭര്‍ത്താവിന്‍റെ മുഖം ഇരുണ്ടിരുന്നു.അയാള്‍ ഭാര്യയെ തോണ്ടി..കാലില്‍ കൈയമര്‍ത്തി..ഭാര്യയ്ക്ക് ഭാവവ്യത്യാസമില്ല.അവര്‍ കുട്ടിയുടെയും മനുഷ്യന്‍റെയും കളിതമാശ ആസ്വദിക്കുകയാണ്.

പെട്ടെന്ന് ഭര്‍ത്താവ് ചാടിയെണീറ്റ് കുട്ടിയെ ആ മനുഷ്യന്‍റെ മടിയില്‍ നിന്നും വലിച്ചെടുത്തു.

" ഡ്രൈവര്‍ വണ്ടി നിര്‍ത്തൂ.."   അലര്‍ച്ച

മൊബൈല്‍ ഫോണുകളില്‍ തോണ്ടിക്കൊണ്ടിരുന്ന യാത്രക്കാരെല്ലാവര്‍ക്കും തലയുയര്‍ത്താന്‍ ഒരു കാരണം കിട്ടി.ഭാര്യ അന്ധാളിച്ചു പോയി.ഇറങ്ങേണ്ട സ്ഥലവും ആയിരുന്നില്ല.

ബസ്സ് നിര്‍ത്തി അവര്‍ ഇറങ്ങിപ്പോയി.

ആ മനുഷ്യന്‍ സ്തബ്ധനായി പ്പോയിരുന്നു.അയാള്‍ ബസ്സിനു പുറത്തേക്ക് മുഖം തിരിച്ചു.കാണെക്കാണെ കണ്ണുകള്‍ നിറഞ്ഞു വന്നു.ആ കുഞ്ഞിനു അയാളുടെ മകളുടെ ച്ഛായയായിരുന്നു .കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് അയാളുടെ അവധിക്കാലത്താണ് പനി വന്നു അയാളുടെ കുഞ്ഞു മരിച്ചത്.

***
തരളിത വികാരങ്ങള്‍ നമുക്ക് നഷ്ടപ്പെടുകയാണോ?മനുഷ്യരിലെ നന്മ കാണാന്‍ കഴിയാത്ത വിധം നമ്മള്‍ അന്ധരായോ?സ്നേഹവും കരുണയും ഒക്കെ നഷ്ട്ടപ്പെട്ട്  എതിരെ വരുന്ന മനുഷ്യരോട് ഒന്ന് ചിരിക്കാനോ സഹയാത്രികനോട് ഒന്ന് കുശലം ചോദിക്കാനോ വയ്യാത്ത വിധമായോ നമ്മള്‍?നമുക്ക് പരസ്പര വിശ്വാസം നഷ്ടമായോ?അടുത്ത മുറികളിലോ വീടുകളിലോ താമസിക്കുന്നവരോട് അടുപ്പം കാണിക്കാതെ എത്രകാലം നമ്മളിങ്ങനെ ജീവിക്കും?അതോ ഇതൊക്കെ എന്‍റെ കുഴപ്പമാണോ?
എന്‍റെ ഭര്‍ത്താവ് ഒരു " തളത്തില്‍ ദിനേശന്‍""," ആണെന്നാണോ നിങ്ങള്‍ പറയുന്നത്??

ഇപ്രകാരം ചിന്തിച്ചു കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചു ഭാര്യ ഭര്‍ത്താവിനൊപ്പം നടന്നു നീങ്ങി.

****************************************************

Tuesday, June 4, 2013

തുല്യ ദുഖിതര്‍

 ഒരു തണുത്ത പുലര്‍ച്ചെ കാട്ടിലുപെക്ഷിച്ചവളെയോര്‍ത്തു സരയൂ തീരത്തിരിക്കുമ്പോള്‍ ഒരു ഫുള്‍ ബോട്ടില്‍ വേദാന്തവുമായി ആശാന്‍ വന്നു.രാഹുലന്‍റെ നിലവിളിയും യശോധരയുടെ തുറിച്ചുനോട്ടവും ഉറക്കം കെടുത്തിയത്രെ.ഞങ്ങള്‍ രണ്ടു  ലാര്‍ജ്ജ് വീശി, ശേഷം സരയൂവിലോഴുക്കി വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
ഉരലും ചെണ്ടയും ...അല്ലാതെന്തു പറയാന്‍..,....

Thursday, May 30, 2013

സൈക്കിള്‍

       

 വിടെയിങ്ങനെ പതുങ്ങിയിരിക്കാം.തല താഴ്ത്തി ഒറ്റക്കണ്ണിട്ട് അവന്‍ അന്നമ്മ ട്ടീച്ചറെ നോക്കി.ഇല്ല അങ്ങനെ ശ്രദ്ധിക്കാന്‍ വഴിയില്ല.അവസാനത്തെ ബഞ്ചിന്‍റെ ഇങ്ങേയറ്റം വരെയൊന്നും സോഡാചില്ലിന്‍റെ  കണ്ണടയിലൂടെയുള്ള നോട്ടം എത്തുകയില്ല.സമയം പോകും തോറും അച്ചുവിന് ആധിയായി.എങ്ങനെയും പുറത്തുചാടണം.
                                       ടീച്ചര്‍ ബോര്‍ഡില്‍ എഴുതാന്‍ തിരിഞ്ഞ സമയം കൊണ്ട് ഊളിയിട്ടു വെളിയിലേക്ക് ഒരു ചാട്ടം.നാണുചേട്ടന്‍റെ മുറുക്കാന്‍  കടയ്ക്കു പിന്നിലെ ഇടവഴിയില്‍ അപ്പാച്ചി കാത്തുനില്‍പ്പുണ്ടാകും.ആ വഴിയിലൂടെ പോയാല്‍ എളുപ്പം ബീച്ചിലെത്താം.അധികം ആരും കാണില്ല.
                 ഇനിയിപ്പോ ഇതല്ലാതെ വേറെ വഴിയില്ല.എത്ര നാളായി അച്ഛന്‍ സൈക്കിള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു പറ്റിക്കുന്നു.

"അടുത്ത ക്ലാസിലേക്ക് ജയിച്ചാല്‍ മേടിച്ചു തരാം"

ഇതിങ്ങനെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.ഇനിയും അച്ഛനെ വിശ്വസിച്ചിരുന്നിട്ട് കാര്യമില്ല.കാശുണ്ടാക്കാന്‍ എനിക്കും പറ്റും.ക്ലാസ്സിലെ കൊല്ലിയും വേണുവും മണപ്പുറവുമൊക്കെ എന്തോരം കാശുമായിട്ടാ സ്കൂളില്‍ വരുന്നത്.എന്തായാലും അപ്പാച്ചിയുടെ അത്രയും പത്രാസ് ആര്‍ക്കുമില്ല.യൂണിഫോറം വേണ്ടാത്ത ദിവസങ്ങളില്‍ അവന്‍റെ  വരവ് കാണണം.അവന്‍റെതു  പോലെ ഷര്‍ട്ടും ജീന്‍സുമൊക്കെ  എന്നാണോ എനിക്കൊന്നു ഇടാനാവുക.
             അപ്പാച്ചിയുടെ പണിയെക്കുറിച്ച് കേട്ടപ്പോള്‍ അതിശയം തോന്നി.ബീച്ചില്‍ പോയി വെറുതെ സായ്പ്പന്മാരെയോന്നു എണ്ണയിട്ടു തിരുമ്മിക്കൊടുക്കുക.!!മണിക്കൂറിനാണത്രേ കാശ്.!അവനാണ് പറഞ്ഞത് ഒരു ആഴ്ച കൊണ്ട് ഒന്നല്ല രണ്ടു സൈക്ലിളിനുള്ള കാശു കിട്ടുമെന്ന്.!!
 അപ്പാച്ചി ബീച്ചില്‍ കൊണ്ടുപോയി സായ്പ്പിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല.സ്വപ്നത്തില്‍ മുഴുവന്‍ സൈക്കിള്‍ ആയിരുന്നു.സ്കൂളിലേക്ക് എല്ലാരുടെം മുന്‍പിലൂടെ സൈക്കിളിലുള്ള യാത്ര.....ഹോ ഓര്‍ക്കുമ്പോള്‍ തന്നെ എന്തൊരു രസമാണ്.
നടക്കാത്ത ഒരാഗ്രഹം കൂടിയുണ്ട്.നിമിഷയെയയൂം പിന്നിലിരുത്തി ടൌണില്‍ ഒന്ന് ചുറ്റണം.സ്കൂളില്‍ വച്ചല്ലാതെ കണ്ടുമുട്ടിയാല്‍ നോക്കാന്‍ പോലും പേടിയുള്ള അവള്‍ വരില്ലെന്നുറപ്പാണ്.അവളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ നെഞ്ചിനുള്ളില്‍  എന്തോ പോലെ.

" എടാ മൈ.....എത്ര നേരമായി.വേഗം വന്നെ"

അപ്പാച്ചി.ആളിത്തിരി ദേഷ്യക്കാരനാണ്.പക്ഷെ എന്നോട് വല്യ കാര്യമാണ്.

സായിപ്പിന്‍റെ  അടുത്തെത്തിയാല്‍ ചെയ്യേണ്ടതൊക്കെ നടത്തത്തിനിടയില്‍ അവന്‍ പറഞ്ഞുകൊണ്ടിരുന്നു.സ്കൂള്‍ വിടുന്ന സമയത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ മതിയായിരുന്നു.വീടിലെങ്ങാനും അറിഞ്ഞാല്‍ അതോടെ കഴിഞ്ഞു.

ബീച്ചിലെത്തി.അച്ഛന്‍റെ  കൂടെ വന്നിട്ടുള്ളപ്പോഴൊക്കെ കണ്ടിട്ടുണ്ട് വെള്ളപ്പാറ്റകളെ  പ്പോലെയുള്ള സായ്പ്പിനേം മദാമ്മയേം.ഇന്നിതാ ഞാനൊരെണ്ണത്തിനെ തോടുകയല്ല  തിരുമ്മാന്‍ പോകുന്നു.
പരിഭ്രമത്തിനിടയിലും ഒരു ആവേശം തോന്നി.

ബീച്ചിനടുത്തുള്ള ഒരു വീട്ടിലേക്കു അപ്പാച്ചി കൂട്ടിക്കൊണ്ടു പോയി.

"ഇവിടെ നിക്ക്.ഞാനിപ്പം വരാം."

അവന്‍ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.ഇവിടെയൊക്കെ നല്ല പരിചയമാണവന്.പരീക്ഷയ്ക്കൊക്കെ മൊട്ട കിട്ടിയാലും അവനു ഇന്ഗ്ലിഷില്‍ സംസരിക്കാനറിയാം.

" അച്ചൂ...വാടാ.പിന്നെ അതൊരു കിളവനാ.ഇഷ്ടം പോലൊക്കെ അങ്ങ് ചെയ്തെക്കണം.നിന്നെയങ്ങേര്‍ക്ക് പിടിച്ചാല്‍ കാശിഷ്ടം പോലെ കിട്ടും.എന്നും വരികേം ചെയാം."

വീടിന്റെ പിന്നാമ്പുറത്ത്കൂടി പടവുകള്‍ കയറി മുകളിലെ മുറിയിലെത്തി.ഒരു പ്രായം ചെന്ന സായിപ്പ് പുസ്തകം വായിച്ചിരിക്കുന്നു.ഇതുവരെ തോന്നാഞ്ഞ ഒരു പേടി ഉള്ളില്‍.,.
കുഴപ്പമാകുമോ....?

"good morning sir"

അയാള്‍ പുസ്തകം താഴ്ത്തി ഞങ്ങളെ നോക്കി.

"hello my dear.how are you.who is this boy?"

"this is my friend.he came for you today"

"well.....very good.welcome my sweet.come on...come here"

" അപ്പൊ ശരി ഞാന്‍ പോട്ടെ .നാളെ കാണാം"  അപ്പാച്ചി പോയി.

ആകെ ഒരു വല്ലായ്മ.എങ്ങനെയാണ് തുടങ്ങുക.തിരുമ്മാനുള്ള എണ്ണയൊക്കെ എവിടെയാണോ?സായിപ്പ് പതുക്കെ കയ്യില്‍ പിടിച്ചു..വല്ലാത്തൊരു പതുപതുപ്പ്.
അയാളുടെ സംസാരം വ്യക്തമാകുന്നില്ലായിരുന്നു.

****                             ****                                   ****                                        

ദൈവമേ...നേരം സന്ധ്യയായോ.എങ്ങനെയാണ് അവിടെനിന്നും രക്ഷപ്പെട്ടതെന്ന് ഓര്‍മയില്ല.എന്തിനാന്  അയാള്‍ തന്നെ അങ്ങനെയൊക്കെ ചെയ്തത്.വൃത്തികെട്ടവന്‍.,.ഓര്‍ക്കുമ്പോള്‍ ഛര്‍ദ്ദി വരുന്നു.
ശരീരമാകെ വേദനിക്കുന്നു.അല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍..,തല ചുറ്റുന്ന പോലെ,ഇതെവിടാണ്...വഴി തെറ്റിയോ?

മുന്‍പോട്ടു പോയ ഒരു ഓട്ടോ റിക്ഷ പെട്ടെന്നവിടെ നിന്നു.ആരോ വെളിയിലിറങ്ങി നടന്നു വരുന്നു.അച്ഛനാണോ.നെഞ്ചില്‍ തീയാളി.

"അച്ചൂ...നീയെന്താടാ ഈ സമയത്തിവിടെ?? "

കരച്ചില്‍വന്നു.അച്ഛന്റെ കയ്യിലേക്ക് തളര്‍ന്നു വീഴുമ്പോള്‍ പിറകില്‍ നിക്കര്‍ നനച്ചു രക്തം താഴേക്ക്‌ ഒഴുകി.മങ്ങിയ വെട്ടത്തില്‍ ഓട്ടോക്ക് മുകളില്‍ ഒരു സൈക്കിള്‍!.!.! ....ആ പിഞ്ചു ഹൃദയം വിങ്ങി.

ഓട്ടോറിക്ഷ പാഞ്ഞു പോയി.റോഡരുകില്‍ കിടന്ന ഒരു പഴയ പോസ്റ്റര്‍ പറന്നു ഓടയിലേക്കു വീണു.

" VIGIL-ZERO TOLERANCE ON CHILD ABUSE.BE A GUARDIAN ANGEL"
If you suspect any case of child abuse,please call child line 1098 or Police 100
Kerala.GOD'S OWN COUNTRY

Gvt of Kerala.tourism

(picture-www.redbubble.com)





പീലാത്തോസ്

നിന്റെ മാംസം എന്റെ നാവില്‍ ഒരു കനല്‍
നിന്റെ രക്തം എന്റെ അന്നനാളത്തില്‍ ഒരു  അഗ്നിനാളം
എന്നിട്ടോ..??
ഞാനോരോടും കുംബസാരിച്ചില്ല.കാരണം എന്റെയുള്ളില്‍ യൂദാസായിരുന്നില്ല.പകരം നട്ടെല്ലില്ലാത്ത പീലാത്തോസായിരുന്നു.!
(picture-artpaintingzone.blogspot.com)

Wednesday, May 29, 2013

പൊട്ടന്‍ തെയ്യം.

ഉറഞ്ഞുതുള്ളി തീ വിഴുങ്ങിയിട്ടും
കനലിനുമേലെ നടന്നിട്ടും......
....ഹെന്‍റെ തെയ് വങ്ങളെ....
അടിയന്‍റെ കുഞ്ഞെന്തെയിങ്ങനെ
പനിക്കുളിരില്‍ തണുത്തുവിറച്ച്.........

Monday, May 27, 2013

സെല്ലുലോയ്ഡ്‌ ഒരു ഒപ്പീസാണ്.!

ഹൃദയത്തിലൂടെ ഒരു മുള്‍ക്കമ്പി വലിച്ചത് പോലെ ദൃശ്യശ്രാവ്യ അനുഭവം തന്നു കടന്നു പോകുന്ന ചില ചലച്ചിത്രങ്ങളുണ്ട്.കണ്ടുകഴിഞ്ഞാല്‍ പിന്നെ എന്തെങ്കിലും എഴുതാതെ വയ്യ.സെല്ലുലോയ്ടും അക്കൂട്ടത്തില്‍ പെടുന്നു.
             
               മലയാള സിനിമച്ചരിത്രത്തെ ക്കുറിച്ച് ഒട്ടും തന്നെ പരിഞാനമില്ലാത്ത ഒരു സിനിമാസ്വദകന്‍ എന്നാ നിലയ്ക്ക് വിഗതകുമാരന്‍, ജെ സി ഡാനിയേല്‍ എന്നൊക്കെ കേട്ട് കേള്‍വി മാത്രമായിരുന്നു.
.ആ മനുഷ്യന്റെ ജീവിതം ഇത്രമേല്‍ ദയനീയമായിരുന്നുവെന്നു അറിയിച്ചു തന്നതിന് ശ്രീ കമലിന് നന്ദി.തമ്പുരാക്കന്മാരും നാടുവഴികളുമൊക്കെ വാഴുന്ന മലയാള സിനിമയില്‍ സ്വന്തം വേരുകലെക്കുറിചോര്‍ക്കാന്‍ ഇപ്പോഴെങ്കിലും ഒരാളുണ്ടായത് ഭാഗ്യം.

                        ഉള്ളില്‍ ഒരു ലഹരിയായി പ്രചോദിപ്പിച്ച ഒരു ലക്ഷ്യത്തിനു വേണ്ടി സകല പ്രതിബന്ധങ്ങളും തരണം ചെയ്ത് ഒരു മനുഷ്യന്‍ നടത്തുന്ന യാത്രയ മനോഹരമായ ഒരനുഭവമാക്കി നമുക്ക് മുന്‍പില്‍ അനവൃതമാക്കിയത്തിനു ശേഷം വലിയൊരു ആഖാതമെല്പ്പിച്ചുകൊണ്ട് സിനിമ ഇടവേള തരുന്നു.
                    പിന്നീടാണ് ജെ സി ഡാനിയേല്‍ എന്ന സിനിമ സ്നേഹി അനുഭവിച്ച യാതനകളുടെ ചിത്രം നമുക്കുമുന്പിലെക്കുവരിക.ഒരു മനുഷ്യന്റെ ജീവിതഭാഗധേയം നിര്‍ണയിക്കുന്നത് ആരോക്കെയാനെന്ന അസ്വസ്ഥതപ്പെടുതുന്ന ഒരു ചോദ്യം ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്‌...
          ഹൃദയസ്പര്‍ശിയായ രണ്ടു രംഗങ്ങള്‍ക്ക് സംവിധായകനും നായകനും നായികയും പ്രശംസ അര്‍ഹിക്കുന്നു.ഒന്ന് ദാനിയേലിന്റെ മരണരന്ഗവും മറ്റൊന്ന് അയാളുടെ മകന്റെ ഒരു ചെറിയ പ്രഭാഷണവുമാണ്.പഴക്കമേറിയ വീഞ്ഞുപോലെ വീര്യമെരുന്നതാണ് തന്റെ അഭിനയസിധിയെന്നു ടി ജി രവി തെളിയിക്കുന്നു.ഒരു ചെറിയ സീനിലൂടെ.
              കഥ തന്നെയാണ് സിനിമയുടെ കരുത്തെന്നു ഒരിക്കല്‍ക്കൂടി തെളിയുന്നു.ഇതൊരു ആത്മകഥാസ്പര്‍ശമുള്ള ചിത്രമാണെങ്കില്‍ കൂടി.സിനിമയില്‍ നമ്മെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന വ്യക്തിത്വം ദാനിയേലിന്റെ ഭാര്യയുടെതാണ്.ഭര്‍ത്താവിന്റെ സ്വപ്നപൂരതീകരനിതിനായ് തോളോട് തോള്‍ ചേര്‍ന്ന് നിന്ന ആ സ്ത്രീ,എല്ലാ ദുരിതങ്ങളുടെയും അവസാനം ഒരു ജീര്‍ണിച്ച വീട്ടില്‍ മരണത്തോട് മല്ലിടുന്ന ഭര്‍ത്താവിനോട് പറയുന്ന വാക്കുകളില്‍ അവരുടെ ഹൃദയത്തിന്റെ മഹത്വം വ്യക്തതയോടെ കിടക്കുന്നു.കൂര്‍ക്കം വലിക്കുന്ന ശബ്ദം പോലും വിവാഹമോചനത്തിന് കാരണമാക്കുന്ന ദമ്പതിമാര്‍ ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ടെന്നു മനസ്സിലാക്കുന്നത് നന്ന്.
                                                      എന്റെ പ്രിയ നാട്ടില്‍ ഇപ്പോഴും അല്‍പ്പാല്‍പ്പമായി ചലം വമിപ്പിച്ചുകൊണ്ടിരിക്കുന്ന ജാതി-വര്‍ണ്ണ ചിന്തകളെക്കുരിചോര്ത്ത് ആത്മനിന്ദ അനുഭവിക്കാനും സിനിമ ഇടയാക്കി.മതഭ്രാന്തന്മാരുടെ കോപത്തിനിരയായി പലായനം ചെയ്ത വിഗതകുമാരനിലെ റോസി ഒരു നീറ്റലായി മനസ്സില്‍ കിടക്കുന്നു.

               ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ കൊടുതതെന്തോക്കെയാണോ അതെ അയാള്‍ക്ക് കിട്ടിയിട്ടുള്ളൂ.മരണശേഷം ചെയുന്നതൊക്കെ നമ്മുടെ മനസ്സിനെ തൃപ്തിപ്പെടുതലാണ്.അതുപോലൊരു മരണാന്തര കര്‍മമാണ് ഈ സിനിമ.തീര്‍ച്ചയായും അത്രമാത്രം.കാരണം അനുഭവങ്ങളില്‍ നിന്നും ഒന്നും പഠിക്കാതിരിക്കുക എന്നതാണല്ലോ നമ്മുടെയൊക്കെ പാരമ്പര്യം.നീതിനിഷേധങ്ങളുടെയും നന്ദികേടിന്റെയും വഞ്ചനയുടെയും സ്നേഹരഹിത്യത്തിന്റെയുമൊക്കെ വിഷം തീണ്ടാത്ത ഒരു നവലോകതിലെക്കുള്ള പ്രതീക്ഷയനല്ലോ ജീവിതം.ആ നടക്കാത്ത സ്വപ്നവും പേറി നമുക്ക് കാത്തിരിക്കാം.അതുവരെ ഇത്തരം ബാലിതര്‍[പ്പണങ്ങള്‍ കൊണ്ടും ഒപ്പീസുകള്‍ കൊണ്ടും മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുക.

Monday, May 20, 2013

ചതി

ഈ മഹാവലയ്ക്ക് ഇരുകോണുകളിലിരുന്നു നമ്മള്‍ മിണ്ടിത്തുടങ്ങി.
സുഖദുഖങ്ങളും പിന്നെ എന്റെ ഹൃദയവും കൈമാറി.
ഒടുവില്‍ കണ്ടുമുട്ടിയപ്പോള്‍ ചോരപുരണ്ട ചിരിയുമായി നീ ഒരു ചിലന്തി.
ഞാനൊരു ഹൃദയം നഷ്ടമായ തുമ്പിയും.

ബോബിയച്ചന്‍.



ഇതൊരു ചെറിയ പരിചയപ്പെടുത്തലാണ്.അച്ചനെ പരിചയമില്ലാത്ത എന്റെ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഞാന്‍ ബോബിയച്ച്നെ ക്കുറിച്ച് കേട്ടത്.ഇവിടെ കുവൈറ്റില്‍ ഒരു സന്ദര്‍ശനത്തിനുവന്നതായിരുന്നു  അച്ചന്‍.,
ഭക്തിപാരവശ്യതാല്‍ അലമുറയിടുന്ന പ്രാര്‍ത്ഥനയോഗങ്ങളില്‍ തല്പ്പര്യമില്ലാതിരുന്നതിനാല്‍ അച്ചന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോകനിരുന്നതല്ല.പക്ഷെ മാത്യുച്ചായന്റെ നിര്‍ദേശപ്രകാരം ഞാന്‍ ഗുരുചരണം എന്ന ബോബിയച്ചന്റെ പ്രഭാഷണങ്ങള്‍ കണ്ടു.ഇതുവരെ ഒരു ഗുരുക്കന്മാരോടും തോന്നിയിട്ടില്ലാത്ത ഒരു അടുപ്പം "മത്സരം"എന്ന ഒറ്റ പ്രഭാഷണത്തിലൂടെ അച്ചനോട് എനിക്ക് തോന്നി.

ഏതു മഹത്തായ ദര്‍ശനങ്ങളും ഒരുവന്റെ ദേശവും സംസ്കാരവുമായി ,സത്വം നിലനിത്തിക്കൊണ്ടു തന്നെ ഇഴുകിച്ചേരുമ്പോഴാണ്  അതിനോട്കൂ ടുതല്‍ ആത്മബന്ധം അനുഭവിക്കാനാവുക എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളാണ് ഞാന്‍..,ആ ഒരു അനുഭവമാണ് അച്ചന്റെ ഭാഷണങ്ങളില്‍ ഞാന്‍ കണ്ട ആകര്‍ഷണീയത,
"സത് സന്ഗ്" എന്ന് വിശേഷിപ്പിച്ചാണ് അച്ചന്‍ ഓരോ പ്രഭാഷണവും തുടങ്ങുക,പിന്നെയങ്ങോട്ട് ബൈബിളില്‍ തുടങ്ങി   ഭാരതീയ ബുദ്ധ സെന്‍ ദര്‍ശനങ്ങളും ഖുര്‍ ആനും
ഗീതയുടെയുമൊക്കെ നന്മകള്‍ നുകര്‍ന്ന്  ഹൃദയത്തെയും നയനങ്ങളെയും ആര്‍ദ്രമാക്കുന്ന വാക്കുകളിലൂടെ  ബൈബിളില്‍ അവസാനിക്കുന്ന  ഒരു യാത്രയാണ്.ഓളപ്പരപ്പിലൂടെ പതുക്കെ നീങ്ങുന്ന ഒരു വഞ്ചിയില്‍ മിഴികള്‍ പൂട്ടിയിരിക്കുന്ന പോലോരനുഭവം.ഹൃദയത്തെ സ്പര്‍ശിക്കാതെ അച്ചന്റെ ഒരു പ്രഭാഷണങ്ങളും അവസാനിക്കുന്നില്ല.

ക്രിസ്തുവാണ്‌ രക്ഷ....അതുമാത്രമാണ് ഏക വഴി....എന്നുള്ള പതിവ് വചനങ്ങളില്ലാതെ ബൈബിളിലൂടെ തന്നെ നമ്മുടെ ചങ്കിലേക്ക്‌ തീ കോരിയിടുന്നുന്നുണ്ട് അച്ചന്‍.,പിന്നെ സാന്ത്വനത്തിന്റെ കുളിരും.അതുകൊണ്ട് തന്നെ ഏതൊരാള്‍ക്കും ജാതിമത ഭേദമില്ലാതെ ആസ്തിക നാസ്തിക വ്യത്യാസമില്ലാതെ ആസ്വദിക്കാവുന്നതാണ് അച്ചന്റെ പ്രഭാഷണങ്ങള്‍ എന്നാണ് എന്റെ അഭിപ്രായം.

എല്ലാ സംസാരദുഖങ്ങളെയും അതിന്റെ പാട്ടിനു വിട്ടു അല്‍പസമയം ഈ ആത്മീയതയുടെ ആല്‍മരച്ചുവട്ടില്‍ ഇരിക്കുക.ചന്ദനത്തിന്റെ പനിനീരിന്റെ ഗന്ധമുള്ള ഒരു ബൈബിള്‍ വായിക്കുന്ന സുഖം അനുഭവിക്കുക.
http://www.youtube.com/watch?v=8Jp7a8aK-p8&feature=share&list=PL0EE4AF3BC3620086

Saturday, May 18, 2013

തിടമ്പിന്‍റെ ദുഃഖം


ഈ പൂരചൂടില്‍ ഉരുകി തോട്ടിയുടെയും കുന്തതിന്റെയും ഭീഷണിയില്‍ കാലിലെ വ്രണത്തില്‍ ചങ്ങല ഉരയുന്ന പ്രാണവേദനയുമായി നില്‍ക്കുന്ന ഈ കറുത്ത ജന്മത്തിന്റെ മുതുകത്തിരുത്താന്‍ മാത്രം എന്ത് തെറ്റ് ഞാന്‍ നിങ്ങളോട് ചെയ്തു??....അവന്റെ ശാപവും കൂടി ഞാന്‍ പേറണമോ എന്റെ മുടിയനായ പുത്രാ??

Wednesday, May 15, 2013

ആദ്യരാത്രി

മദനസുരഭില നിമിഷങ്ങളുടെ ആദ്യരാത്രിയില്‍ ഒരു നിലവിളിയോടെ അയാള്‍ മണിയറയില്‍ നിന്നും ഇറങ്ങിയോടി.
അവളുടെ ജനനെദ്രിയത്തില്‍ മെഴുകുതിരികളും കുപ്പിയും.!!!

Tuesday, May 14, 2013

ഭൂമിയുടെ പാല്


ഒന്നര വയസ്സുള്ള എന്റെ മകള്‍ക്ക് വെള്ളമെല്ലാം പാലാണ്!
ടാപ്പില്‍ നിന്ന് വരുന്നതും വഴിയരുകില്‍ കെട്ടിക്കിടക്കുന്നതും മഴപെയുന്നതും എല്ലാം അവള്‍ക്കു പാല്...!! എത്ര തിരുത്തിയിട്ടും അവള്‍ പാലെന്നു തന്നെ വിളിക്കുന്നു.
ശരിയാണ് അവള്‍ പറയുന്നത് എന്ന് എനിക്ക് തോന്നി.ഭൂമി ചുരത്തുന്ന പാലല്ലേ ജലം? എത്ര അശ്രദ്ധയോടെ നമ്മള്‍ ഉപയോഗിച്ചു പാഴാക്കുന്ന ഈ ജലം പാല് തന്നെ.ഇനിയൊരു യുദ്ധമുണ്ടായാല്‍ വെള്ളത്തിന്‌ വേണ്ടിയകുമത്രേ.എന്നിട്ടും നമുക്കൊന്നും ഒരു കൂസലുമില്ല.
പിഞ്ചു കുഞ്ഞുങ്ങളില്‍ നിന്ന് പോലും ചിലതൊക്കെ പഠിക്കാനുണ്ടെന്നു തോന്നുന്നു.
....വളരുമ്പോള്‍ ഇവളും നിഷ്കളങ്കതയൊക്കെ നഷ്ടമായി നമ്മെ പ്പോലെയാകും.എങ്കിലും ഈ പ്രകൃതിയെയും പരിസ്ഥിതിയെയുമൊക്കെ സ്നേഹിക്കുന്ന ഒരുവളായി തീര്‍ന്നിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു
പോകുന്നു....

Thursday, January 31, 2013

കാലം മാറി....




ഒരു കരണത്ത് അടിപൊട്ടിയപ്പോള്‍ മറുകരണം കാട്ടി ഞാന്‍ ക്ഷമയുടെയും സഹനത്തിന്റെയും മൂര്‍ത്തഭാവം പൂണ്ടു.പക്ഷെ....അടിവയറില്‍അവന്റെ മുട്ടുകാല്‍ തീര്‍ത്ത സ്ഫോടനവും മുതുകത്ത് വീണ പെരുമ്പറയും കൂടി എന്റെ കണ്ണ് തള്ളിച്ചപ്പോള്‍ കാലം മാറിയത് ഞാനറിഞ്ഞു.