Wednesday, September 25, 2013

മേഘവിസ്ഫോടനം

വാതിലില്‍ ഇടതടവില്ലാതെ  ശക്തിയായി ആരോ മുട്ടുന്നു.ഫാദര്‍ ജോസഫ്‌ തപ്പിത്തടഞ്ഞെഴുന്നേറ്റു സമയം നോക്കി.വെളുപ്പിന് ഒരു മണിയോടടുക്കുന്നു.
പ്രചണ്ഡമായ  ഒരു താളത്തോട്‌ കൂടി പ്രകൃതി ഉറഞ്ഞു തുള്ളിയ രാത്രി.മഴ ഇനിയും ശമിച്ചിട്ടില്ല.വന്യമായ കാറ്റിന്‍റെ ഹുങ്കാരം.പ്രകൃതി അതിന്‍റെ സംഹാര രൂപത്തിലാണ്.

വീണ്ടും വാതിലില്‍ മുട്ട്.

ആരാണീ അസമയത്ത്?

ഫാദര്‍ വാതില്‍ക്കലേക്ക് നടന്നു.വെളിച്ചത്തില്‍ കുളിച്ചിട്ടും ഇരുട്ട് ഘനീഭവിച്ചത് പോലെ ഒരു രൂപം വരാന്തയില്‍.,.പെട്ടെന്ന് അത് ചില്ല് ജനാലയ്ക്ക് അരികില്‍ വന്നു കൈ കൂപ്പി നിന്നു.കൈകള്‍ക്കുള്ളില്‍ എന്തോ അടുക്കി പ്പിടിച്ചിരിക്കുന്നു.മുഖം പരിചയമുള്ളതായി തോന്നി.ഫാദര്‍ വാതില്‍ തുറന്നു.

" മോളെ...നീ...ഈ സമയത്ത്..?? "

രക്തം വിയര്‍ക്കുന്ന ഗത് സമെന്‍ അവളുടെ കണ്ണുകളില്‍ തളം കെട്ടി ക്കിടക്കുന്നത് ഫാദര്‍ കണ്ടു.മനുഷ്യ വ്യഥകള്‍ ഒരുപാട് കണ്ടും കേട്ടും തഴക്കം വന്ന ആ  ജ്ഞാനവൃദ്ധന്‍റെ ഹൃദയം ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിനെയും ആവശ്യത്തെയും തിരിച്ചറിഞ്ഞു.

" അച്ചോ ..എനിക്കൊന്ന്..."

അച്ചന്‍ അവളുടെ കരം ഗ്രഹിച്ചു.

ക്ലാര.

"ഭ്രാന്തന്‍റെ കാലിലെ വ്രണമാകാന്‍ കൊതിച്ച കാല്പനികത മുറ്റിയ ക്ലാരയല്ലച്ചോ ഇത്.ഞാനൊരു വ്രണമാണ്.ഒരിക്കലും ഉണക്കില്ലാത്ത ചോരയൊലിക്കുന്ന വ്രണം."

പള്ളിക്കമ്മിറ്റിയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ തിരിഞ്ഞതിന് വിചാരണ ചെയ്തു കഴിഞ്ഞ് സ്വകാര്യ സംഭാഷണത്തില്‍ അവള്‍ പറഞ്ഞ ആ വാക്കുകള്‍ ഫാദര്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു.

ഒരു പാതിരിക്ക് ഓരോ കുമ്പസാരങ്ങളും ഓരോ പരീക്ഷണങ്ങളാണ്.മറ്റു മനുഷ്യരുടെ വ്യഥകളും രഹസ്യങ്ങളും പേറുന്ന ജീവനുള്ള ഒരു കുമ്പസാരക്കൂടാണ് പുരോഹിതന്‍.,.മനസ്സിനെ ബലപ്പെടുത്താനുള്ള കൃപ യാചിച്ചു കൊണ്ട് അദ്ദേഹം ഇരുവശങ്ങളിലും ദ്വാരങ്ങളുള്ള ആ മരക്കൂടിലേക്ക് കയറി.മനസ്സില്‍ ഒരു ക്രിസ്തു കുരിശിലേക്കു കയറിക്കിടന്നു.

എന്തുചെയ്യണം എന്നറിയാതെ ഫാദര്‍ ജോസഫ്‌ ഇരുന്നു.അത്രയ്ക്ക് ഹൃദയ ഭേദകമായിരുന്നു അവളുടെ കരച്ചില്‍.,.ഇത്രയും വര്‍ഷത്തെ വൈദിക ജീവിതത്തിനിടയില്‍ ഒരു മനുഷ്യനും ഇതുപോലെ കുമ്പസാരക്കൂടിനടുത്തിരുന്നു  ഹൃദയം പിളര്‍ന്ന്നിലവിളിച്ചതായി അദ്ദേഹം ഓര്‍ക്കുന്നില്ല.പലതവണ ക്ലാരെ എന്ന് വിളിച്ചെങ്കിലും കരച്ചില്‍ നിന്നില്ല.മിനിട്ടുകള്‍ നീണ്ട തീവ്രമായ നിലവിളിക്ക്  ശേഷം ക്ലാര ഒന്നടങ്ങി.അവളുടെ ചങ്കിലെ ദുഃഖത്തിന്‍റെ മേഘവിസ്ഫോടനത്തെ ഏറ്റുവാങ്ങാന്‍  മഴയത്ത് നില്‍ക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട ഒരു ബാലന്‍റെ മനസ്സുമായി ഫാദര്‍ തയാറായിരുന്നു.

അനക്കമൊന്നുമില്ല
.
അദ്ദേഹം തല തിരിച്ചു നോക്കി.

അച്ചന്‍ വേവലാതിയോടെ പള്ളി വരാന്തയിലേക്കിറങ്ങി.മങ്ങിയ വെട്ടത്തില്‍ ക്ലാര നടന്നു പോകുന്നത് അദ്ദേഹം അതിശയത്തോടെ അതിലധികം വിങ്ങലോടെ കണ്ടു നിന്നു.

തിരിച്ചു പള്ളിക്കകത്ത്‌ കയറിയ ഫാദര്‍ കുമ്പസാരക്കൂടിനടുത്തു കിടന്ന പ്ലാസ്റ്റിക്‌ കവര്‍ കൈയിലെടുത്തു.

ഒരു സാരി......മന്ത്രകോടി പോലെ.

പൊട്ടിയ ഒരു താലിമാല.

പിന്നെ....ഒരുള്‍ക്കിടിലത്തോടെ അദ്ദേഹം കണ്ടു.കഠാരയില്ലാത്ത ഒരു തോലുറ.!!

ഫാദറിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോയി.
വേപഫുവോടെ ആ വൃദ്ധന്‍റെ മനസ്സ് ക്ലാരയ്ക്ക്‌ പിറകെ പാഞ്ഞു.

തണുത്ത ആ രാത്രിയില്‍ അനേകം മനോവേദനകളുടെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ മരക്കൂട് ഒരു പൊള്ളയായ നെഞ്ചിന്‍ കൂട് പോലെ വിറപൂണ്ടു നിന്നു.
എന്ത് വേണ്ടൂ എന്നറിയാതെ അതിന്‍റെ നിഴലില്‍ വൃദ്ധനായ ആ പാതിരിയും.


(കടപ്പാട്-ശ്രീ ബോബി ജോസ് കട്ടികാടിന്‍റെ ഹൃദയ വയലിനോട്‌),)



Thursday, September 19, 2013

മടക്കയാത്ര(ഒരു തിരുത്ത്)


ന്മപുണ്യങ്ങള്‍ കൈകോര്‍ത്ത് നിന്ന ഏതോ ഒരു ധന്യ നിമിഷത്തിലാകണം,കറവ പ്പശുവിനെ ക്കുറിച്ച് അവര്‍ ചിന്തിച്ചത്.

"അതിനും വേണ്ടേ ഒരു ജീവിതം"

പത്ത് കൊല്ലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക്.ഒന്നിന് മീതെ ഒന്നായി വന്ന പ്രാരാബ്ദങ്ങള്‍ തെല്ലൊതുക്കി മൂരി നിവര്‍ത്ത് തിരിഞ്ഞു നോക്കിയപ്പോള്‍  ജീവിതം ഒരു മരുഭൂമി.
വീട്ടുകാര്‍ ഇപ്പോള്‍ തനിക്കു വിവാഹം ആലോചിക്കുന്നു.
നല്ല കാര്യം

 " എനിക്കും വേണ്ടേ ഒരു ജീവിതം "

ജന്മദേശം.
പ്രണയാഭ്യര്‍ത്ഥനയ്ക്കു മുന്നില്‍ പൂത്തുലഞ്ഞ്  നമ്രശിരസ്കയായി നില്‍ക്കുന്ന ഋതുമതിയായ ശാലീന സുന്ദരിയില്‍ നിന്നും തിളങ്ങുന്ന വേഷച്ചമയങ്ങളുമായി വഴിവക്കില്‍ അതിഥിയെ കാത്തു നില്‍ക്കുന്ന ഗണികയുടെ രൂപത്തിലേക്ക് മാറാന്‍ തന്‍റെ നാടിന് വെറും പത്ത് വര്‍ഷം മാത്രമോ?അയാള്‍ അത്ഭുതം കൂറി.മധുരം പുരട്ടിയ അതി പുരാതനമായ ആ കയ്പ്പുള്ള ചോദ്യവുമായി സ്നേഹിതരും ബന്ധുക്കളും.

" എന്നാ മടക്കം? "

പെണ്ണ് തെണ്ടല്‍ പെട്ടന്ന് കഴിഞ്ഞു.വലിയ വിലപേശല്‍ ഇല്ലാതെ കാര്യം കഴിഞ്ഞു.തരക്കേടില്ലാത്ത ഒരു ആര്‍ഭാട വിവാഹം.ആദ്യത്തെതല്ലേ കുറയ്ക്കരുതല്ലോ.ഒരു വളിച്ച ഫലിതം.

സുന്ദര സുരഭില മദന സ്വപ്നങ്ങളുടെ ആദ്യ രാത്രി.പുത്തന്‍ തലമുറ ഗണത്തില്‍ പെട്ട തരുണി മൌനത്തിന്‍റെ കെട്ടു പൊട്ടിച്ചു.

" എന്നാ മടക്കം ? "

നീ ഒരു നിത്യ പ്രവാസിയാകാന്‍ ജനിച്ചവനെന്നുഓര്‍മപ്പെടുത്തുന്ന ആ ചോദ്യം ഇപ്പോഴയാളെ ശരിക്കും പിളര്‍ത്തിക്കളഞ്ഞു.

സുരത വേളയുടെ പരകോടിയില്‍ അയാളില്‍ ഒരു മഹാവിസ്ഫോടനം നടന്നു.അതീന്ദ്രിയമായ ഒരനുഭവം.
മണലിലേക്ക് അയാള്‍ മൂക്ക് കുത്തി വീണു.മുഖമുയര്‍ത്തി നോക്കി.വെള്ളിവെളിച്ചത്തിന്‍റെ ഒരു വലിയ കുട.നോക്കെത്താ ദൂരത്തോളം മരുഭൂമി.അകലെ ഒരേയൊരു വൃക്ഷം.
പതുക്കെ അന്തരീക്ഷം മാറി.ചെറിയ പൊടിക്കാറ്റ്.ഒരു കൊള്ളിയാന്‍.,...ഇരുട്ട് വീണു.ചുട്ടു പൊള്ളുന്ന മണ്ണിലേയ്ക്ക്,ഭൂമിയുടെ മേലെ  ആകാശ രേതസ്സ് പെയ്തിറങ്ങി.

 അനന്തരം രാത്രിയുടെ അവസാന യാമത്തില്‍ അയാള്‍ മണിയറയില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു പോയി. അവളുടെ ഗര്‍ഭത്തില്‍ മറ്റൊരു രാഹുലന്‍ ഉരുവാകും മുന്‍പേ അയാള്‍ക്ക് അതിര്‍ത്തി താണ്ടണമായിരുന്നു.ഒരുകാരക്ക തൊണ്ട് പോലും ആര്‍ക്കെങ്കിലും വേണ്ടി കരുതിവയ്ക്കാന്‍ കഴിയാത്ത വിധം അയാളുടെ ഹൃദയം അത്രമാത്രം ചുരുങ്ങിപ്പോയിരുന്നു.

Thursday, September 12, 2013

പ്രണയത്തിന്‍റെ തിരുശേഷിപ്പുകള്‍.

സാധാരണ പറയാറുള്ളതുപോലെ ഒരു "തമാശയ്ക്ക്' തുടങ്ങിയ ബന്ധം.സിരകളെ ചുട്ടെടുക്കുന്ന പ്രണയമായി മാറാന്‍ അധികനേരമെടുത്തില്ല.ലോകം മുഴുവനും പോരിനു വന്നാലും നേരിടും.ഒരുമിച്ചു ജീവിക്കാന്‍ സകലതും ത്യജിക്കാനും ഏതു ദുരിതക്കടല്‍ നീന്താനും തയ്യാര്‍..,പതിവ് പല്ലവികള്‍.,..പ്രണയലഹരി തലയ്ക്കു പിടിച്ച രണ്ടു ജന്മങ്ങള്‍.
എതിര്‍പക്ഷത്തും ആളുകള്‍ക്ക് പഞ്ഞമില്ല.സമുദായ വേലികള്‍ പൊളിക്കുന്നത് സഹിക്കാന്‍ പറ്റാത്തവര്‍.,രോഷം,കണ്ണീര്,ശാപം...പ്രാക്ക്,ആത്മഹത്യാ ഭീഷണി,മാനസീക പിരിമുറുക്കങ്ങള്‍,രോഗം,ആശുപത്രി.....എന്നിട്ടും അവസാനം ജയം അവര്‍ക്ക്.പ്രണയികള്‍ക്ക്.ഒന്നായി.അനിര്‍വചനീയമായ പരമാനന്ദം.

പതുക്കെ പതുക്കെ ലഹരിയുടെ കെട്ടിറങ്ങി.പ്രണയാകാശത്തു നിന്ന് ജീവിതത്തിന്‍റെ പച്ചച്ച ഭൂമികയിലേക്ക് ഇറങ്ങിനിന്നു.പിന്നിട്ട യുദ്ധക്കളത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.കരളുപൊടിയുന്ന കാഴ്ച.

പതിതരായ നാല് ആത്മാക്കള്‍.വൃദ്ധര്‍.,തകര്‍ന്ന സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മാറാപ്പും പേറി....നിസംഗരായി.
ഒരു നിമിഷം.പ്രണയികള്‍ നിറകണ്ണുകളുമായി വരുടെ അടുത്തേയ്ക്ക്.ആ നാലാത്മാക്കളും അവരുടെ അടുത്തെയ്ക്കും.കൈകള്‍ വിരിച്ചുപിടിച്ച്.....സ്നേഹപ്രവാഹം.

പിന്നെ അവരൊരുമിച്ച് നടന്നു തുടങ്ങി.എവിടെയോ അവസാനിക്കുന്ന ആ അനന്തപാതയിലൂടെ.....