Saturday, June 19, 2010

മടക്കയാത്ര




" ഹലോ,..എന്നാ എത്തിയത്? "

" കഴിഞ്ഞയാഴ്ച,..എന്തുണ്ട് വിശേഷം?സുഖമല്ലേ? "

" ഓ..എന്നാ പറയാനാ,അങ്ങനെയങ്ങ് പോകുന്നു..പിന്നെ എന്ന് തിരിച്ചു പോകും? "

പ്രതീക്ഷിച്ചിരുന്ന ചോദ്യം വന്നു കഴിഞ്ഞു.കുവൈറ്റില്‍ നിന്നും നാട്ടില്‍ എത്തിയിട്ട് ഒരാഴ്ച്ചയായതെയുള്ളൂ.കാണുന്നവര്‍ക്കെല്ലാം എന്ന് തിരിച്ചു പോകുമെന്നറിഞ്ഞാല്‍ മതി.ഒരു പ്രവാസിയെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യം.പ്രത്യേകിച്ചും കുടുംബത്തെ പിരിഞ്ഞു ജീവിക്കുന്നവര്‍ക്ക്,അവര്‍ നാട്ടില്‍ നിന്ന് മടങ്ങുന്ന ദിവസത്തെ പരോള്‍ കഴിഞ്ഞു ജയിലിലേക്ക് പോകുന്ന ദിവസത്തെ പോലെയാണ് കാണുന്നത്.എന്തൊക്കെ സൌകര്യമുണ്ടായാലും കുടുംബത്തോടൊപ്പം നാട്ടില്‍ ജീവിക്കുന്ന സുഖവും സ്വാതന്ത്ര്യവും എവിടെ കിട്ടാനാണ്‌?

നാടാകെ മാറിപ്പോയി,അഞ്ചു കൊല്ലം കൊണ്ട്.ആകെപ്പാടെ ഒരു ഉപഭോഗസംസ്ക്കാരം.വികാസം വളരെ വൈകി കടന്നു വന്ന ഞങ്ങളുടെ കൊച്ചുഗ്രാമവും പുതിയ വികസന സംസ്കാരത്തിന്‍റെ ജാടയിലാണ്.കവലയില്‍ വീഡിയോ ലൈബ്രറി ഇരുന്നിടത്ത് ഇന്റര്‍നെറ്റ്‌ കഫെ.ബെബിചേട്ടന്‍റെ പലചരക്ക് കട വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയിരിക്കുന്നു.കടലാസ്സ്‌ കുമ്പിള്‍ കുത്തി സാധനങ്ങള്‍ കൊടുക്കാന്‍ ചേട്ടനും അനുജനും മറന്നിട്ടുണ്ടാകും.മൊബൈല്‍ ഫോണുകളുടെ പ്രളയത്തില്‍ പെട്ട് പഴയ ടെലിഫോണ്‍ ബൂത്തുകളൊക്കെ ഒലിച്ചു പോയിരിക്കുന്നു.കിടാങ്ങളുടെ കൈവശം ലോണെടുത്ത് വാങ്ങിയ ബൈക്കും എന്‍-സീരീസ്‌ മൊബൈല്‍ ഫോണും.ബ്ലൂടൂത്തിന്‍റെ "നീല"നിറത്തില്‍ മുങ്ങിയാെണല്ലാവരുടെയും നടപ്പ്.കൈയില്‍ പണമില്ലെങ്കിലും ഉണ്ടെന്നു തോന്നിപ്പിക്കനമെന്നതാണ് പുതിയ ട്രെന്‍ഡ്.കാശുവെളുപ്പിക്കാന്‍ ശ്രമിച്ചു "ടോട്ടല്‍ ഫോര്‍ യു"ആയവരും ധാരാളം.തലതിരിഞ്ഞ വികസന പദ്ധതികളുടെ ഉപോല്‍പ്പന്നമായ കര്‍ഷക ആത്മഹത്യയെന്ന കലാപരിപാടിയും അവിടവിടെ നടക്കുന്നു.മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വച്ച് മുതുകുമാന്തിയാല്‍ അതും വിവാദമാക്കാന്‍ കണ്ണും തുറന്നിരിക്കുംന്ന മാധ്യമപ്പടയും രംഗത്ത് സജീവം.


അങ്ങനെ എല്ലാം തല്ക്കാലം ഭദ്രം സുരക്ഷിതം.

പ്രവാസജീവിതം തുടങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു.സഹോദരങ്ങളുടെ പഠിത്തവും വിവാഹങ്ങളും വീടിന്‍റെ  പണിയുമോക്കെയായി കാലമങ്ങു പോയപ്പോള്‍ സ്വന്തം വിവാഹത്തെക്കുറിച്ച് താന്‍ മറന്നില്ലെങ്കിലും ഓര്‍ക്കേണ്ടവര്‍ സൌകര്യപൂര്‍വ്വം മറന്നു.നാട്ടില്‍ വരുമ്പോളൊക്കെ "എന്നാ മടക്കം? " എന്നാ പതിവ് ചോദ്യവുമായി വീട്ടുകാരും നാട്ടുകാരും ഐര്‍പോട്ടിലും 
 കവലയിലുമൊക്കെ കാത്തുനിന്നു.വിവാഹമൊക്കെ കഴിച്ചു നാട്ടില്‍ ജീവിക്കുന്ന,സുന്ദരമായ സ്വപ്നവുമായാണ് ഇത്രയും കാലം ജീവിച്ചത്.വൈകിയാണെങ്കിലും ആ സുദിനം വന്നെത്തിയിരിക്കുന്നു.

വലിയ അന്വോഷണമോന്നും കൂടാതെ പെണ്ണിനെ കണ്ടെത്തി.സുന്ദരിയാണ്‌,വിദ്യാഭ്യാസമുണ്ട്,തരക്കേടില്ലാത്ത ഒരു ജോലിയും.സ്വഭാവത്തെക്കുറിച്ച് അനുഭവിച്ചറിയുകയല്ലാതെ നിവൃത്തിയില്ലല്ലോ.

വിവാഹം വളരെ ആര്‍ഭാടമായി നടന്നു.ഗള്‍ഫുകാരനല്ലേ,ഒട്ടും കുറയരുതല്ലോ...

ആദ്യരാത്രിയെക്കുറിച്ചുള്ള മധുരപ്രതീക്ഷകളുമായി മുല്ലപ്പൂമെത്തയില്‍ ഇരിക്കുമ്പോള്‍,മുറ പോലെതന്നെ ഒരു ഗ്ലാസ്‌ പാലുമായി അവള്‍ കടന്നുവന്നു.ഇനിയങ്ങോട്ട് എല്ലാം പകുത്ത് അനുഭവിക്കാം എന്നു കരുതി പാല്‍ പകുത്തുകുടിച്ചു.


എന്താണ് സംസാരിക്കുക?


ആരാണ് തുടങ്ങുക?

ആകെയൊരു വെപ്രാളം..അവള്‍ ഒരു നാണം കുണുങ്ങിയായിരുന്നില്ല.

" എന്ന് തിരിച്ചു പോകും? ".....അവള്‍ ചോദ്യവാളൂരി..

അവളുടെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവ് വര്‍ഷത്തിലൊരിക്കല്‍ വിദേശ വസ്തുക്കളുമായി എത്തി ഒരു മാസം മാത്രം സ്നേഹിച്ചു മടങ്ങുന്ന സുന്ദരനാണത്രേ...

രാത്രിയുടെ അന്ത്യയാമത്തില്‍,നവവധു ഗാഢനിദ്രയിലായപ്പോള്‍ എഴുന്നേറ്റു പുറത്തിറങ്ങി ഇരുള് വീണ വഴിയിലൂടെ നടന്നു.എങ്ങോട്ടെന്നറിയാതെ,സമാധാനത്തിന്‍റെ ബോധിവൃക്ഷവും തേടി....

മടക്കയാത്ര.


(രണ്ടായിരത്തിഎട്ടിലെ മലയാളം സാംസ്‌കാരിക വേദി ഓര്‍മ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്)

7 comments:

  1. Nice narration. Keep writing. All the best.

    ReplyDelete
  2. വീണ്ടും എഴുതൂ .......എല്ലാ ആശംസകളും !

    ReplyDelete
  3. മുഴുവന്‍ അക്ഷരത്തെറ്റുകള്‍....,....നിനക്കൊന്നും ഒരു പണിയുമില്ലേ

    ReplyDelete
    Replies
    1. സ്വയം വിമർശനത്തേക്കാൾ നല്ലത് ...
      ഒന്നെഡിറ്റ് ചെയ്താൽ മതിയല്ലൊ അല്ലേ ഭായ്

      Delete
    2. തീര്‍ച്ചയായും. എഡിറ്റു ചെയ്തു.10/10/2013

      വായനക്ക് നന്ദി

      Delete