Friday, February 28, 2014

മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്...

ണ്മുന്‍പില്‍ ഇങ്ങനെ ഒരനീതി നടക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ? ഹനീഫയ്ക്ക്   വലിയ താല്പര്യമൊന്നും ഈ വിഷയത്തിലില്ല.ആളുകള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊള്ളട്ടെ.നമ്മള്‍ എന്തിനു വെറുതെ വയ്യാവേലി പിടിക്കണം,?പക്ഷേ ശിവന്‍റെ വിപ്ലവപ്രസംഗം കേട്ടപ്പോള്‍ അവനും ഒരുല്‍സാഹമൊക്കെ വന്നു."ലാല്‍ സലാം "കണ്ടതിനു ശേഷമാണ് ശിവന് ഇത്രയ്ക്ക് വിപ്ലവോഷ്മാവ് കൂടിയത്.അനീതിയോട് പടവെട്ടാന്‍ വല്ലാത്ത ഒരു ത്വര.പ്രതികരിച്ചേ തീരൂ.
വിപ്ലവത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പിനുള്ള സുവര്‍ണ്ണാവസരമാണ് വീണു കിട്ടിയിരിക്കുന്നത്.

അമ്പലക്കുളത്തില്‍ നിത്യവും ശൌചം ചെയ്യുന്ന ഭാസ്കരന്‍ ചേട്ടനെ  പിടികൂടി താക്കീതുചെയ്യുക!

ടാറിട്ട വഴിയില്‍ നിന്നും പിരിഞ്ഞ് അമ്പലക്കുളത്തിന്  പറ്റെക്കൂടി വളഞ്ഞു പുളഞ്ഞ്ഒരു മലമ്പാമ്പിനെപ്പോലെ  ഉള്‍ഗ്രാമത്തിലേയ്ക്ക് പോകുന്ന നാട്ടുവഴി.കുളത്തിനു കുറച്ചുമാറി നീരൊഴുക്ക് നിലച്ച ഒരിടത്തോട്.അവിടെയാണ് ഭാസ്കരനെപ്പോലെ ചില പതിവുകാര്‍ വിസ്സര്‍ജ്ജ്യഭാരം  ഇറക്കിവച്ച് അതീന്ദ്രിയമായ പരമാനന്ദം അനുഭവിക്കുക.മനുഷ്യര്‍ പരിഷ്കാരികളായി ഭൂമിക്കടിയില്‍ അറകള്‍ കെട്ടി അതില്‍ വിസര്‍ജ്ജ്യം സംഭരിച്ചു തുടങ്ങിയതോടെ പ്രതിസന്ധിയിലായ കാക്കകള്‍ക്കും ആമകള്‍ക്കും അന്യം നിന്ന് പോകാഞ്ഞ അപൂര്‍വ്വമായ ഈ മനോഹരതീരമാണ് ഏക ആശ്വാസം.തോടിനു കിഴക്കുമാറി നിയമ വ്യവഹാരത്തില്‍ കുടുങ്ങി ആള്‍താമസമില്ലാതെ  നശിച്ചു തുടങ്ങിയ ഒരില്ലമുണ്ട്.ആ പുരയിടത്തിലെ കുളത്തിലാണ് മിക്കാവാറും എല്ലാ സ്വതന്ത്രവിസര്‍ജ്ജ്യപ്രേമികളും ആസനശുദ്ധി നിവൃത്തിക്കുക.പക്ഷെ ഭാസ്കരന്‍  എന്ന ഉണങ്ങിമെലിഞ്ഞ ആക്രിക്കച്ചവടക്കാരന്‍ അമ്പലക്കുളത്തിലേ  കൃത്യം നിര്‍വഹിക്കൂ.എതിര്‍ക്കപ്പെടേണ്ട തോന്ന്യാസമല്ലേ അത്?കാര്യം കുളം അമ്പലത്തിന്‍റെ ചുറ്റുമതിലിന് വെളിയിലാണ്. ദേവിയുടെ ആറാട്ട് ആ കുളത്തിലല്ല.ക്ഷേത്രാവശ്യങ്ങള്‍ക്കായി വെള്ളം ഉള്ളിലെ രണ്ടു മൂന്ന് കിണറുകളില്‍ നിന്നും എടുക്കുന്നുണ്ട്.എങ്കിലും ക്ഷേത്രക്കുളത്തിന് ഒരു പവിത്രതയില്ലേ?അതു  പോട്ടെ ,ഗ്രാമവാസികള്‍ കുളിക്കുന്നത് ഇവിടെയാണ്‌.അതെങ്കിലും ഓര്‍ക്കണ്ടേ? ഇതിങ്ങനെ വിടാന്‍ പറ്റില്ല.പലര്‍ക്കും ഈ കാര്യം അറിയാം.പക്ഷെ ഭാസ്കരന്‍ ചേട്ടന്‍റെ  എല്ലില്ലാത്ത നാവിനെ ഭയം.

ശിവന്‍ ഭീരുവല്ല.കാണിച്ചു കൊടുക്കുന്നുണ്ട്.അനീതിയെ എതിര്‍ക്കുക എന്നതാണ് ഒരു വിപ്ലവകാരിയുടെ പ്രഥമ ദൌത്യം.
രണഭേരി മുഴങ്ങി.ശിവന്‍റെ ചോര ഒന്നുകൂടി ചുവന്നു.

ശിവനുംഹനീഫയും  രാവിലെ പത്രവിതരണം തുടങ്ങുന്ന സമയത്താണ് സാധാരണയായി ഭാസ്കരനും  പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി കുളത്തിനു പരിസരത്ത് എത്തുക.

സ്ഥലത്ത് എത്താന്‍ സഖാക്കള്‍ അല്പം വൈകി.ഭാസ്കരന്‍ കുളത്തിലാണ്.സാമാന്യം വൃത്തിയായി കാര്യം കഴിച്ച് അയാള്‍ എഴുന്നേറ്റു തിരിഞ്ഞത് രണ്ടു ക്ഷുഭിത കൌമാരങ്ങളുടെ നേര്‍ക്ക്‌.മുഖവുരയില്ലാതെ കോമ്രേഡ് ശിവന്‍ വിഷയം അവതരിപ്പിച്ചു.

" ചേട്ടനെന്തു   വൃത്തികേടാണ്  ഈ കാണിക്കുന്നത്?എല്ലാവരും കുളിക്കുന്ന കുളമല്ലേ?ഇത് ശരിയല്ല.അപ്പുറത്തൊരു കുളമുണ്ടല്ലോ.അവിടെ പൊയ്ക്കൂടെ?"

ഭാസ്കരന്‍  ഒരിളിഭ്യച്ചിരിയുമായി അവര്‍ക്കുനേരെ പുലമ്പി.

"പോകിനെടാ പന്നകളെ.എന്‍റെ സൌകര്യം പോലെ ഞാന്‍ ചെയ്യും.നാളെ മുതല്‍ കുണ്ടികഴുകാന്‍ ഞാന്‍ നിന്‍റെയൊക്കെ വീട്ടിലേയ്ക്ക് വരാമെടാ..."

അയാള്‍ പെയ്തു തുടങ്ങി.നല്ല "ഒന്നാംതരം"തെറിമഴ.ഭാസ്കരന്‍റെ ശരിക്കുള്ള വിസര്‍ജ്ജ്യം ഇതാണെന്ന് തോന്നും.അത്രയ്ക്ക് ദുര്‍ഗന്ധം.

ആദ്യത്തെ വിപ്ലവഉദ്യമം തന്നെ കലുഷിതമാകുന്ന ലക്ഷണമാണ്.ശിവന്‍ ഒന്ന് പകച്ചു.ഹനീഫ  പിന്‍ വലിയാനുള്ള തയ്യാറെടുപ്പിലാണ്.അവന്‍ ശിവനെ പിടിച്ചു വലിച്ചു.തെറ്റുചെയ്തതും പോരാ അയാളുടെ അഹങ്കാരം കണ്ടില്ലേ.ശിവന് സഹിക്കാന്‍ കഴിഞ്ഞില്ല.ഹനീഫ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നതിനിടയില്‍ അവന്‍ വിളിച്ചു പറഞ്ഞു.

"ഇയാള് നാളെ വാ.ഞാന്‍ കാണിച്ചു തരാം എന്ത് ചെയ്യുമെന്ന്...ഹും.."

"നിനക്ക് വേറെ പണിയൊന്നുമില്ലേ.ഞാന്‍ അപ്പോഴേ പറഞ്ഞതാ വെറുതെ തെറി കേള്‍ക്കണ്ടാന്നു.."

"ഇല്ല.അയാളെ ഞാനൊരു പാഠം പഠിപ്പിക്കും"

അവര്‍ പത്രവുമായി സൈക്കിള്‍ ചവിട്ടി ഗ്രാമത്തിലേയ്ക്ക് പോയി.
അപ്പോഴും പൊട്ടിത്തീര്‍ന്ന മാലപ്പടക്കത്തിന്‍റെ ബാക്കി ഇടയ്ക്കിടെ പൊട്ടുന്നത് പോലെ ഭാസ്കരന്‍  പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു.

***                                                 ***                                      ***        
                         
ചുവന്ന വാല്‍മാക്രികളെപ്പോലെ കുറെക്കുഞ്ഞുങ്ങളുമായി ഒരു വരാല്‍.പുഴക്കരയില്‍  ശിവന്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുസമയമായി.വിശ്വേട്ടനെങ്ങാനും കണ്ടാല്‍ തീര്‍ന്നു.വരാലിനെ പിടിക്കാന്‍ അയാളെപ്പോലെ വിദഗ്ധര്‍  ആ നാട്ടില്‍ കുറവാണ്.പുഴവക്കത്തെ കൈതക്കൂട്ടങ്ങള്‍ക്കിടയിലൂടെ ആ ചുവപ്പന്‍ കുഞ്ഞുങ്ങളുടെ പ്രത്യേക രീതിയിലുള്ള മനോഹരമായ സഞ്ചാരം കണ്ട് അവയ്ക്കൊപ്പം  ശിവന്‍ നടന്നു.ഒരു രക്തപതാക പാറിക്കളിക്കുന്ന ശേല്,!

വല്ലപ്പോഴുമൊക്കെ  ശിവനും മീന്‍ പിടിക്കും.പക്ഷെ ചൂണ്ടയില്‍ കൊരുത്ത് കരയില്‍ കിടന്നുപിടയുന്ന മീനിനെ കാണുമ്പോള്‍ സങ്കടം വരും.പാവം അതിന്‍റെ അമ്മയോ അച്ഛനോ ഭാര്യയോ ഒക്കെ അതിനെ കാണാതെ വിഷമിക്കുന്നുണ്ടാവില്ലേ?അതിന്‍റെ മക്കള്‍ അച്ഛന്‍റെ വരവും കാത്ത് വീട്ടില്‍ ഇരിക്കുന്നുണ്ടാവുമോ?ചൂണ്ടക്കൊളുത്ത്‌ കയറി കീറിപ്പോയ വായ കാണുമ്പോള്‍ ശിവന്‍റെ ചിറിയിലും ഒരു വേദന പടരും.പിടിച്ച മീന്‍ തിരികെ വെള്ളത്തിലേയ്ക്ക്.ജീവന്‍ തിരിച്ചു കിട്ടിയ വെപ്രാളത്തോടെ മീന്‍ വെട്ടിപ്പുളഞ്ഞു പായുന്നത് നോക്കി ആശ്വാസത്തോടെ ശിവന്‍ നില്‍ക്കും.മക്കളുമായി നടക്കുന്ന വരാലിനെ  പിടിക്കുന്നത്‌ കാണുന്നത് തന്നെ സങ്കടമാണ്.അമ്മയും അച്ഛനും നഷ്ട്ടപ്പെട്ട ആ കുഞ്ഞുങ്ങളുടെ ഗതിയോര്‍ത്ത് കണ്ണ് നിറയും.മിക്കവാറും എല്ലാം തന്നെ  വലിയ മീനുകളുടെ ഭക്ഷണമാകും.

പുഴയ്ക്ക് അക്കരെ വനത്തില്‍ നിന്ന് ചോലനായ്ക്കരുടെ ചടുലമായൊരു ഗാനം ഒഴുകിവരുന്നു.ശിവന്‍ ചെവിയോര്‍ത്തു.കാട് എന്നും അവനൊരു പ്രലോഭനമാണ്‌.പുഴക്കരയില്‍ മറുതീരത്തെ കാടിനെ നോക്കി സമയം കൊല്ലുക അവന്‍റെ ഇഷ്ട്ടവിനോദമാണ്‌.എന്തോ ഒന്ന് വനനിഗൂഡതയിലേയ്ക്ക് അവനെ മാടിവിളിക്കാറുണ്ട്.വല്ലാത്തൊരു വശ്യതയാണ് ശിവന് കാട്.
പുഴക്കരയില്‍ അങ്ങനെ നോക്കി നില്‍ക്കെ അക്കരെ കാട്ടിലെ  മരങ്ങളില്‍ നിന്ന് വേരുകള്‍ ജലോപരിതലത്തിലൂടെ പടര്‍ന്നിറങ്ങി!നിരവധി വേരുകള്‍.അവ അതിവേഗം മറുകര ലക്ഷ്യമാക്കി പാഞ്ഞുവരികയാണ്.ശിവന്‍റെ മേലാസകലം പൂത്തു.

" എടാ..നീ കളിക്കാന്‍ വരുന്നില്ലേ?....

അവന്‍ ഞെട്ടിത്തിരിഞ്ഞു.ദിനേശന്‍.

"നീ എന്തെടുക്കുവാ ഇവിടെ?വാ കളിക്കാം"

സ്കൂള്‍ വിട്ടു വന്നാല്‍ വലിയമഠത്തുകാരുടെ പാടത്ത് പന്തുകളിയും കഴിഞ്ഞേ ശിവന്‍ വീടണയൂ.ഇന്ന് കളിയത്ര  നന്നായില്ല.മനസ്സിനൊരു സുഖക്കുറവ്.കാലും ഒന്നുളുക്കി.നല്ലവേദന.

തൊടിയിലേക്ക്‌ കയറിയപ്പോള്‍ തന്നെ മുത്തച്ഛന്‍റെ അട്ടഹാസം കേട്ടു.എന്തോ കുഴപ്പമുണ്ട്.രാവിലത്തെ സംഭവം വീട്ടിലറിഞ്ഞോ??

അധികാരമൊക്കെ നഷ്ട്ടമായ പഴയൊരു ജന്മിയാണ് മുത്തച്ഛന്‍.ലേശം മുന്‍കോപിയാണ്.ഇന്നെന്താണാവോ പുകില്?
ശിവന്‍ പമ്മിപ്പമ്മി വീടിനു പിന്നാമ്പുറത്തെത്തി.അടുക്കള വരാന്തയില്‍ കുക്കു ഏങ്ങലടിച്ചു കൊണ്ടിരുപ്പുണ്ട്.വലിയൊരു കരച്ചിലും കഴിഞ്ഞാണിരുപ്പെന്നു കണ്ടാലറിയാം.ചായ്പ്പിലെ പത്തായപ്പുറത്ത് പുസ്തകക്കെട്ടു വച്ച് അടുക്കളയിലേക്കു കയറി.നുറുക്കിയ അച്ചിങ്ങയുടെ മണം.അമ്മ വൈകിട്ടത്തെ കറിക്കുള്ള പണിയിലാണ്.തേങ്ങാക്കൊത്തും ചതച്ച വറ്റല്‍മുളകുമിട്ട അച്ചിങ്ങ മെഴുക്കുപുരട്ടി ശിവന് വലിയ പ്രിയമാണ്.അതും പച്ചമോരും കഞ്ഞിയും...ഹോ..വായില്‍ വെള്ളമൂറി.

"എന്താ അമ്മെ മുത്തച്ഛന്‍ ബഹളം വയ്ക്കുന്നെ? "

" സ്കൂള് വിട്ട് നാട്  നിരങ്ങി നടന്നിട്ട്  അവന്‍ വന്നിരിക്കുന്നു സന്ധ്യയായപ്പോ  വിശേഷം ചോദിക്കാന്‍.പോയി കുളിക്കെടാ"

അന്തരീക്ഷം അത്ര നന്നല്ല.

കുളിക്കാന്‍ പോകുന്ന വഴിക്ക് അയല്‍വാസി രാധചേച്ചിയാണ് സംഭവം പറഞ്ഞത്.ചിരിക്കാന്‍ വകയുണ്ട്.

മുത്തച്ഛന്‍ പതിവ് പോലെ കുളിക്കാന്‍ തയ്യാറായി കുഴമ്പും എണ്ണയുമൊക്കെ തേച്ച് വെള്ളം ചൂടാകുന്നതും കാത്ത് പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുന്നു.കാലുകള്‍ രണ്ടും കസേരക്കൈയ്യില്‍ കയറ്റിവച്ച് വിശാലമായ കിടപ്പ്.മുറ്റത്ത് ചെടിവെട്ടുന്ന ഒരു വലിയ കത്രികയുമായി കുക്കു കളിക്കുന്നു.പണിക്കാരിലാരോ മറന്നു വച്ചതാണ്.കത്രികയുമായി അവന്‍ കസേരയില്‍ കിടക്കുന്ന മുത്തച്ഛന്‍റെ കാലുകള്‍ക്കിടയില്‍ ചെന്ന് നിന്ന് ഒരു ചോദ്യം.

":മുത്തച്ചാ...ഞിന്‍റെ ഉമ്മാണ്ടി കണ്ടിച്ചട്ടെ..? "

പിന്നത്തെ കാര്യം പറയാനുണ്ടോ.ആ ഭൂകമ്പത്തിന്‍റെ നിലയ്ക്കാത്ത തുടര്‍ ചലനങ്ങളായിരുന്നു ശിവന്‍ വീട്ടിലെത്തിയപ്പോള്‍  കേട്ടത്.
എന്നാല്‍ മറ്റൊരു ഭൂകമ്പത്തിനുകൂടി കളമൊരുങ്ങുന്നത് പാവം ശിവനറിഞ്ഞില്ല.ജോലി കഴിഞ്ഞെത്തിയ അച്ഛന്‍ വേലിക്കല്‍ നിന്ന് ഒരു മള്‍ബറിയുടെ വടിയും ഒടിച്ചാണ് വീട്ടിലേക്കു കയറിയത്.ശിവനെ വിളിച്ചു.ആദ്യം തന്നെ രണ്ടുമൂന്ന് പെട കിട്ടി.

"നീ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?മര്യാദയ്ക്ക് അവനവന്‍റെ കാര്യം നോക്കി നടന്നില്ലേല്‍ മുട്ടുകാല് തല്ലിയൊടിക്കും"

ഭാസ്കരന്‍  അച്ഛനോട് പരാതിപ്പെട്ടിരിക്കുന്നു..വിചാരണയും ഉപദേശവും ഒക്കെ പാതിരാവോളം നീണ്ടിട്ടും താന്‍   ചെയ്ത തെറ്റെന്ത് എന്ന് മാത്രം ശിവന് പിടികിട്ടിയില്ല. ഭാസ്കരനാണ്  തെറ്റു ചെയ്തത്.ശിക്ഷ തനിക്കും.

അവന്‍റെയുള്ളില്‍ പകയുടെ വേരുകള്‍ പടര്‍ന്നിറങ്ങി.

***                                  ***                        ***                                       ***

പുത്തന്‍വീട്ടു കാരുടെ മാവിന്‍തോട്ടത്തിലും ഔസേപ്പ് മാപ്പിളയുടെ കപ്പത്തോട്ടത്തിലും പിന്നെ പറമ്പായ പറമ്പിലൊക്കെയും പൊരിവെയിലത്ത് ശിവന്‍ ഹനീഫയെത്തിരഞ്ഞു നടന്നു.

ഇവനിതെവിടെപ്പോയി?

ഇനി പെണ്ണമ്മ ചേച്ചിയുടെ കൂടെ പുല്ലു ചെത്താന്‍ പോയിക്കാണുമോ?

വേറൊരിടം കൂടിയുണ്ട് തിരയാന്‍.ക്ഷേത്രത്തിലെ ശാന്തികര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ ഇല്ലം ക്ഷേത്രക്കുളത്തിനടുത്ത് തന്നെയാണ്.ഇല്ലത്തുനിന്നും ഒരു കുളിപ്പുരയുണ്ട് കുളത്തിലേക്ക്.നാട്ടുവഴിയില്‍ നിന്നും കുളത്തിന്‍റെ ചുറ്റുമതിലിലേക്ക് കയറി നടന്നാല്‍ ഈ കുളിപ്പുരയുടെ അടുത്തെത്താം.പുരയുടെ ഒരു ഭാഗം അല്പം പൊളിഞ്ഞു കാട്പിടിച്ചു കിടപ്പുണ്ട്.അവിടെയിരുന്നാല്‍ സുഖമായി നമ്പൂരിച്ചികളുടെ കുളി കാണാം.ശിവനും ഹനീഫയും ഇടക്കൊക്കെ അവിടെ പോകാറുണ്ട്.അവന്‍റെ ഊഹം തെറ്റിയില്ല.ദര്‍ശനസായൂജ്യമടഞ്ഞ മുഖവുമായി ഹനീഫ കുളത്തിന്‍റെ ചുറ്റുമതിലിലൂടെ നടന്നു വരുന്നുണ്ട്.

ശിവന്‍ ചങ്ങാതിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ഭാസ്കരന് കൊടുക്കേണ്ട ശിക്ഷയെക്കുറിച്ച് അവര്‍ ഒരു ധാരണയിലെത്തി.

ആള്‍ത്താമസമില്ലാത്ത വീടിനു സമീപത്ത് കൂടിയാണ്ഭാസ്കരന്‍ പുലര്‍ച്ചെ കുളത്തിനടുത്തെത്തുക.പ്രേതഭവനം പോലെ തോന്നിക്കുന്ന വീടിന് പൊളിഞ്ഞു കിടക്കുന്ന ഒരു പടിപ്പുരയുണ്ട്.അതിനു മുമ്പിലൂടെയാണ് നാട്ടുവഴി കടന്നു പോകുന്നത്. ഭാസ്കരന്‍ അതുവഴി കടന്നുപോകുന്ന സമയത്ത് ഒരാള്‍ തലവഴി വെള്ളപുതച്ചുനിന്ന് അയാളെ നന്നായി ഒന്ന് ഭയപ്പെടുത്തുക.ഇനിമേലില്‍ ഇരുട്ടില്‍ നടക്കാന്‍ ഭാസ്കരന്‍  തുനിയരുത്! അതായിരുന്നു പദ്ധതി.

ശിവന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു അത്.പുലര്‍ച്ചെ പതിവിലും നേരത്തെ ഉണര്‍ന്ന്‌ മകരമഞ്ഞു വീണു കിടക്കുന്ന നാട്ടുവഴിയിലൂടെ അവന്‍ നടന്നു പോയി.കാളി എന്ന തെരുവ്നായ  അവനെ കുറച്ചു ദൂരം പിന്തുടര്‍ന്നു.ഒരു  ദുശ്ശകുനം പോലെ ആ നായ അവന്‍റെ വഴി വിലക്കി. അവളെ ആട്ടിപ്പായിച്ച് അവന്‍ ഫനീഫയുടെ വീട് ലക്ഷ്യമാക്കി നടന്നു.

വഴിയോരത്ത് വെളുത്ത മുണ്ടുമായി ഹനീഫ കാത്തുനിന്നിരുന്നു.

കാര്യങ്ങള്‍ കണക്ക് കൂട്ടിയത് പോലെ മുന്നോട്ടു നീങ്ങി.അല്പം കൂടുതല്‍ ഉയരം തോന്നിക്കാന്‍ ഒരു വടി പിടിച്ച് അതിനു മുകളില്‍ മുണ്ടിട്ടു ശിവന്‍ പടിപ്പുര വാതില്‍ക്കല്‍ നിലയുറപ്പിച്ചു.കുറച്ചു മാറി പരിസരം നിരീക്ഷിച്ചു ഹനീഫയും.

മങ്ങിയ പുലര്‍വെട്ടത്തില്‍ വെളുത്ത അസാമാന്യഉയരമുള്ള ഒരു രൂപം.ആരും ഒന്ന് ഭയന്ന് പോകും.

സമയം  കടന്നുപോകുന്നു.
ഭാസ്കരന്‍ വരാന്‍ വൈകുന്നതെന്ത്?

ആരുടെയൊക്കെയോ സംസാരം കേള്‍ക്കുന്നുണ്ട്.ഒന്നിലധികം ആളുകളുണ്ടെന്ന് തോന്നുന്നു.

ശിവന്‍ ജാഗരൂഗനായി.

കുറച്ചു നിമിഷങ്ങള്‍ കൂടി കടന്നുപോയി.

"ആരാ അത്? " ഒരു ചോദ്യം.

  "................... "

ശിവന്‍ ഒന്നിളകി.

ചോദ്യം ദയനീയമായി.  "ആ.ആ.യാരാ..ത്..."

 "..................... "

വെളുത്ത രൂപം  സാവധാനം ഒന്ന് തിരിഞ്ഞു.

" എന്‍റമ്മച്ചീ ..പ്രേതം..അയ്യോ...ഓടിക്കോ..." കൂട്ടക്കരച്ചില്‍.

നിലവിളിയോടെ ആരൊക്കെയോ തിരിഞ്ഞോടി.ശിവനും ഹനീഫയും എതിര്‍ ദിശയിലേക്കു കുതിച്ചു പാഞ്ഞു.

പത്രക്കെട്ടുകള്‍ അഴിക്കുന്നതിനിടയില്‍ ഹനീഫ പറഞ്ഞു.

" എടാ അത് രാവിലെ ഒടാനിറങ്ങിയ പിള്ളേരായിരുന്നു.അതുങ്ങള് ശരിക്കും പേടിച്ചുപോയി."

ശിവന് ചിരിപൊട്ടി.പക്ഷേ അടുത്തനിമിഷം     ഭാസ്കരനെ   കിട്ടാഞ്ഞതില്‍ അവന്‍ കുണ്ഠിതപ്പെട്ടു.

കാര്യങ്ങള്‍ കരുതിയത്‌ പോലെ അത്ര രസകരമായിരുന്നില്ല.ഭയന്ന കൂട്ടത്തില്‍ ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു.കണ്ണന്‍..വല്ലാതെ ഭയന്ന അവന്‍ പനി ബാധിച്ചു പിച്ചും പേയും പറയാന്‍ തുടങ്ങി.

ശിവനും ഹനീഫയും പത്രവിതരണം കഴിഞ്ഞ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ ഗ്രാമം ആകെ ഇളകിയിരുന്നു.നാട്ടുകാര്‍ പ്രേതത്തെ കണ്ടയിടം അരിച്ചുപെറുക്കിയതിനു ശേഷം  കൂലംങ്കഷമായ ചര്‍ച്ചയിലാണ്.

ശിവനും കൂട്ടാളിയും ഞെട്ടി.

നാട്ടുകാരുടെ കൈയ്യില്‍ ഒരു വെളുത്തമുണ്ട്!

വെപ്രാളം പിടിച്ചഓട്ടത്തിനിടയില്‍ മുണ്ട് എവിടെയോ വലിച്ചെറിഞ്ഞു.

ദൃക്സാക്ഷികളായ കുട്ടികള്‍ പരസ്പരവിരുദ്ധവും നിറംപിടിപ്പിച്ചതുമായ പല കഥകളും  പറഞ്ഞു.ഒരു തെങ്ങിന്‍റെ ഉയരമുള്ള രൂപം,മുഖമില്ല..കാലുകളില്‍ കുളമ്പ്...അങ്ങനെയൊക്കെ.

ശിവന്‍റെയും ഹനീഫയുടെയും രസച്ചരട് പൊട്ടാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല.കണ്ണന് പനി മൂര്‍ച്ഛിച്ചിരിക്കുന്നു.അവനെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പോലെ നാട്ടിലെ ബുദ്ധി ജീവി ജോണി ഒരു കണ്ടെത്തലും നടത്തി.

" അത് പ്രേതവും പിശാചും ഒന്നുമല്ല. വല്ല മാവോയിസ്റ്റും ആണോ എന്നാണ് എന്‍റെ സംശയം.കുറച്ചുനാളായി പോലീസ് ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്നുണ്ട്.ഈ സമയത്ത് കള്ളന്മാര്‍ വരാന്‍ സാധ്യതയില്ല.എന്തായാലും ഒരു മുണ്ട് തെളിവായിട്ടുണ്ടല്ലോ.പോലീസില്‍ വിവരം അറിയിക്കണം.പോലിസ് നായ വരട്ടെ.എന്തെങ്കിലും സൂചന കിട്ടാതിരിക്കില്ല. "

" മാവോയിസ്റ്റ് തന്നെ " ജനം തീര്‍പ്പിലെത്തി.

ജോണിയുടെ വാക്കുകള്‍ക്ക് അത്രയ്ക്ക് വിലയുണ്ട്‌.പോലീസ് സ്റ്റെഷനിലേക്ക് വിളിക്കാന്‍ ആള് പോയി.

കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് കണ്ട് ശിവന്‍റെ ശരീരമാകെ കുളിര്‍ന്നു.ഹനീഫ അവന്‍റെ കൈയ്യില്‍ മുറുകെ പ്പിടിച്ചു.വല്ലാത്ത ചൂട്.
അതുപക്ഷേ  വിപ്ലവോഷ്മാവിന്‍റെതായിരുന്നില്ല.അവന്‍ മിഴികള്‍ പൂട്ടി.ഒരു സ്വപ്നത്തിലെന്ന പോലെ പുഴകടന്ന് വൃക്ഷവേരുകള്‍ തന്നെത്തേടി വരുന്നത് ശിവന്‍ കണ്ടു.

ദൂരെ ഒരു സംഘം നരനായാട്ടിന് പടയൊരുക്കം തുടങ്ങി.

അന്നേരം പുഴക്കക്കരെ ചോലനായ്ക്കരുടെ ഗാനം മുഴങ്ങുന്നുണ്ടായിരുന്നു.
ഒരു വിഷാദരാഗം.

***************************************************************************
(അച്ചിങ്ങ-വള്ളിപ്പയര്‍,ചോലനായ്ക്കര്‍-ഒരാദിവാസി ഗോത്രം,
ചിത്രം-biswaal.webs.com)










Monday, December 23, 2013

ഒരു ബ്രോയിലര്‍ പ്രണയം

ഞാനൊരു നാടന്‍.അവളൊ(അതോ അവനോ?) ഒരു ബ്രോയിലര്‍.
ഒരേ കത്തിത്തലപ്പിനു  കാത്തിരിക്കുമ്പോഴും ഞാന്‍ അവളെ വല്ലാതെ സ്നേഹിച്ചു.
ഒരു ദിനം എന്നേയ്ക്കുമുമ്പേ അവള്‍ കത്തിയ്ക്കിരയായി.

നടുക്കത്തോടെ ഞാന്‍ കണ്ടു.
അവള്‍ക്ക് കരളും ഹൃദയവുമില്ലായിരുന്നു...!!!

അല്ലെങ്കില്‍ തന്നെ എന്തിനു കരളും ഹൃദയവും. ആരുടെയോ ആമാശയത്തില്‍ പോയൊടുങ്ങാനുള്ള ജന്മങ്ങള്‍ക്ക് ശിരസ്സ്‌  തന്നെ ഒരു ആര്‍ഭാടമല്ലേ?

ഞാന്‍ കത്തി രാകലിന് ചെവിയോര്‍ത്ത് കണ്ണുകള്‍ അടച്ചു കിടന്നു.


Wednesday, September 25, 2013

മേഘവിസ്ഫോടനം

വാതിലില്‍ ഇടതടവില്ലാതെ  ശക്തിയായി ആരോ മുട്ടുന്നു.ഫാദര്‍ ജോസഫ്‌ തപ്പിത്തടഞ്ഞെഴുന്നേറ്റു സമയം നോക്കി.വെളുപ്പിന് ഒരു മണിയോടടുക്കുന്നു.
പ്രചണ്ഡമായ  ഒരു താളത്തോട്‌ കൂടി പ്രകൃതി ഉറഞ്ഞു തുള്ളിയ രാത്രി.മഴ ഇനിയും ശമിച്ചിട്ടില്ല.വന്യമായ കാറ്റിന്‍റെ ഹുങ്കാരം.പ്രകൃതി അതിന്‍റെ സംഹാര രൂപത്തിലാണ്.

വീണ്ടും വാതിലില്‍ മുട്ട്.

ആരാണീ അസമയത്ത്?

ഫാദര്‍ വാതില്‍ക്കലേക്ക് നടന്നു.വെളിച്ചത്തില്‍ കുളിച്ചിട്ടും ഇരുട്ട് ഘനീഭവിച്ചത് പോലെ ഒരു രൂപം വരാന്തയില്‍.,.പെട്ടെന്ന് അത് ചില്ല് ജനാലയ്ക്ക് അരികില്‍ വന്നു കൈ കൂപ്പി നിന്നു.കൈകള്‍ക്കുള്ളില്‍ എന്തോ അടുക്കി പ്പിടിച്ചിരിക്കുന്നു.മുഖം പരിചയമുള്ളതായി തോന്നി.ഫാദര്‍ വാതില്‍ തുറന്നു.

" മോളെ...നീ...ഈ സമയത്ത്..?? "

രക്തം വിയര്‍ക്കുന്ന ഗത് സമെന്‍ അവളുടെ കണ്ണുകളില്‍ തളം കെട്ടി ക്കിടക്കുന്നത് ഫാദര്‍ കണ്ടു.മനുഷ്യ വ്യഥകള്‍ ഒരുപാട് കണ്ടും കേട്ടും തഴക്കം വന്ന ആ  ജ്ഞാനവൃദ്ധന്‍റെ ഹൃദയം ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിനെയും ആവശ്യത്തെയും തിരിച്ചറിഞ്ഞു.

" അച്ചോ ..എനിക്കൊന്ന്..."

അച്ചന്‍ അവളുടെ കരം ഗ്രഹിച്ചു.

ക്ലാര.

"ഭ്രാന്തന്‍റെ കാലിലെ വ്രണമാകാന്‍ കൊതിച്ച കാല്പനികത മുറ്റിയ ക്ലാരയല്ലച്ചോ ഇത്.ഞാനൊരു വ്രണമാണ്.ഒരിക്കലും ഉണക്കില്ലാത്ത ചോരയൊലിക്കുന്ന വ്രണം."

പള്ളിക്കമ്മിറ്റിയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ തിരിഞ്ഞതിന് വിചാരണ ചെയ്തു കഴിഞ്ഞ് സ്വകാര്യ സംഭാഷണത്തില്‍ അവള്‍ പറഞ്ഞ ആ വാക്കുകള്‍ ഫാദര്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു.

ഒരു പാതിരിക്ക് ഓരോ കുമ്പസാരങ്ങളും ഓരോ പരീക്ഷണങ്ങളാണ്.മറ്റു മനുഷ്യരുടെ വ്യഥകളും രഹസ്യങ്ങളും പേറുന്ന ജീവനുള്ള ഒരു കുമ്പസാരക്കൂടാണ് പുരോഹിതന്‍.,.മനസ്സിനെ ബലപ്പെടുത്താനുള്ള കൃപ യാചിച്ചു കൊണ്ട് അദ്ദേഹം ഇരുവശങ്ങളിലും ദ്വാരങ്ങളുള്ള ആ മരക്കൂടിലേക്ക് കയറി.മനസ്സില്‍ ഒരു ക്രിസ്തു കുരിശിലേക്കു കയറിക്കിടന്നു.

എന്തുചെയ്യണം എന്നറിയാതെ ഫാദര്‍ ജോസഫ്‌ ഇരുന്നു.അത്രയ്ക്ക് ഹൃദയ ഭേദകമായിരുന്നു അവളുടെ കരച്ചില്‍.,.ഇത്രയും വര്‍ഷത്തെ വൈദിക ജീവിതത്തിനിടയില്‍ ഒരു മനുഷ്യനും ഇതുപോലെ കുമ്പസാരക്കൂടിനടുത്തിരുന്നു  ഹൃദയം പിളര്‍ന്ന്നിലവിളിച്ചതായി അദ്ദേഹം ഓര്‍ക്കുന്നില്ല.പലതവണ ക്ലാരെ എന്ന് വിളിച്ചെങ്കിലും കരച്ചില്‍ നിന്നില്ല.മിനിട്ടുകള്‍ നീണ്ട തീവ്രമായ നിലവിളിക്ക്  ശേഷം ക്ലാര ഒന്നടങ്ങി.അവളുടെ ചങ്കിലെ ദുഃഖത്തിന്‍റെ മേഘവിസ്ഫോടനത്തെ ഏറ്റുവാങ്ങാന്‍  മഴയത്ത് നില്‍ക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട ഒരു ബാലന്‍റെ മനസ്സുമായി ഫാദര്‍ തയാറായിരുന്നു.

അനക്കമൊന്നുമില്ല
.
അദ്ദേഹം തല തിരിച്ചു നോക്കി.

അച്ചന്‍ വേവലാതിയോടെ പള്ളി വരാന്തയിലേക്കിറങ്ങി.മങ്ങിയ വെട്ടത്തില്‍ ക്ലാര നടന്നു പോകുന്നത് അദ്ദേഹം അതിശയത്തോടെ അതിലധികം വിങ്ങലോടെ കണ്ടു നിന്നു.

തിരിച്ചു പള്ളിക്കകത്ത്‌ കയറിയ ഫാദര്‍ കുമ്പസാരക്കൂടിനടുത്തു കിടന്ന പ്ലാസ്റ്റിക്‌ കവര്‍ കൈയിലെടുത്തു.

ഒരു സാരി......മന്ത്രകോടി പോലെ.

പൊട്ടിയ ഒരു താലിമാല.

പിന്നെ....ഒരുള്‍ക്കിടിലത്തോടെ അദ്ദേഹം കണ്ടു.കഠാരയില്ലാത്ത ഒരു തോലുറ.!!

ഫാദറിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോയി.
വേപഫുവോടെ ആ വൃദ്ധന്‍റെ മനസ്സ് ക്ലാരയ്ക്ക്‌ പിറകെ പാഞ്ഞു.

തണുത്ത ആ രാത്രിയില്‍ അനേകം മനോവേദനകളുടെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ മരക്കൂട് ഒരു പൊള്ളയായ നെഞ്ചിന്‍ കൂട് പോലെ വിറപൂണ്ടു നിന്നു.
എന്ത് വേണ്ടൂ എന്നറിയാതെ അതിന്‍റെ നിഴലില്‍ വൃദ്ധനായ ആ പാതിരിയും.


(കടപ്പാട്-ശ്രീ ബോബി ജോസ് കട്ടികാടിന്‍റെ ഹൃദയ വയലിനോട്‌),)



Thursday, September 19, 2013

മടക്കയാത്ര(ഒരു തിരുത്ത്)


ന്മപുണ്യങ്ങള്‍ കൈകോര്‍ത്ത് നിന്ന ഏതോ ഒരു ധന്യ നിമിഷത്തിലാകണം,കറവ പ്പശുവിനെ ക്കുറിച്ച് അവര്‍ ചിന്തിച്ചത്.

"അതിനും വേണ്ടേ ഒരു ജീവിതം"

പത്ത് കൊല്ലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക്.ഒന്നിന് മീതെ ഒന്നായി വന്ന പ്രാരാബ്ദങ്ങള്‍ തെല്ലൊതുക്കി മൂരി നിവര്‍ത്ത് തിരിഞ്ഞു നോക്കിയപ്പോള്‍  ജീവിതം ഒരു മരുഭൂമി.
വീട്ടുകാര്‍ ഇപ്പോള്‍ തനിക്കു വിവാഹം ആലോചിക്കുന്നു.
നല്ല കാര്യം

 " എനിക്കും വേണ്ടേ ഒരു ജീവിതം "

ജന്മദേശം.
പ്രണയാഭ്യര്‍ത്ഥനയ്ക്കു മുന്നില്‍ പൂത്തുലഞ്ഞ്  നമ്രശിരസ്കയായി നില്‍ക്കുന്ന ഋതുമതിയായ ശാലീന സുന്ദരിയില്‍ നിന്നും തിളങ്ങുന്ന വേഷച്ചമയങ്ങളുമായി വഴിവക്കില്‍ അതിഥിയെ കാത്തു നില്‍ക്കുന്ന ഗണികയുടെ രൂപത്തിലേക്ക് മാറാന്‍ തന്‍റെ നാടിന് വെറും പത്ത് വര്‍ഷം മാത്രമോ?അയാള്‍ അത്ഭുതം കൂറി.മധുരം പുരട്ടിയ അതി പുരാതനമായ ആ കയ്പ്പുള്ള ചോദ്യവുമായി സ്നേഹിതരും ബന്ധുക്കളും.

" എന്നാ മടക്കം? "

പെണ്ണ് തെണ്ടല്‍ പെട്ടന്ന് കഴിഞ്ഞു.വലിയ വിലപേശല്‍ ഇല്ലാതെ കാര്യം കഴിഞ്ഞു.തരക്കേടില്ലാത്ത ഒരു ആര്‍ഭാട വിവാഹം.ആദ്യത്തെതല്ലേ കുറയ്ക്കരുതല്ലോ.ഒരു വളിച്ച ഫലിതം.

സുന്ദര സുരഭില മദന സ്വപ്നങ്ങളുടെ ആദ്യ രാത്രി.പുത്തന്‍ തലമുറ ഗണത്തില്‍ പെട്ട തരുണി മൌനത്തിന്‍റെ കെട്ടു പൊട്ടിച്ചു.

" എന്നാ മടക്കം ? "

നീ ഒരു നിത്യ പ്രവാസിയാകാന്‍ ജനിച്ചവനെന്നുഓര്‍മപ്പെടുത്തുന്ന ആ ചോദ്യം ഇപ്പോഴയാളെ ശരിക്കും പിളര്‍ത്തിക്കളഞ്ഞു.

സുരത വേളയുടെ പരകോടിയില്‍ അയാളില്‍ ഒരു മഹാവിസ്ഫോടനം നടന്നു.അതീന്ദ്രിയമായ ഒരനുഭവം.
മണലിലേക്ക് അയാള്‍ മൂക്ക് കുത്തി വീണു.മുഖമുയര്‍ത്തി നോക്കി.വെള്ളിവെളിച്ചത്തിന്‍റെ ഒരു വലിയ കുട.നോക്കെത്താ ദൂരത്തോളം മരുഭൂമി.അകലെ ഒരേയൊരു വൃക്ഷം.
പതുക്കെ അന്തരീക്ഷം മാറി.ചെറിയ പൊടിക്കാറ്റ്.ഒരു കൊള്ളിയാന്‍.,...ഇരുട്ട് വീണു.ചുട്ടു പൊള്ളുന്ന മണ്ണിലേയ്ക്ക്,ഭൂമിയുടെ മേലെ  ആകാശ രേതസ്സ് പെയ്തിറങ്ങി.

 അനന്തരം രാത്രിയുടെ അവസാന യാമത്തില്‍ അയാള്‍ മണിയറയില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു പോയി. അവളുടെ ഗര്‍ഭത്തില്‍ മറ്റൊരു രാഹുലന്‍ ഉരുവാകും മുന്‍പേ അയാള്‍ക്ക് അതിര്‍ത്തി താണ്ടണമായിരുന്നു.ഒരുകാരക്ക തൊണ്ട് പോലും ആര്‍ക്കെങ്കിലും വേണ്ടി കരുതിവയ്ക്കാന്‍ കഴിയാത്ത വിധം അയാളുടെ ഹൃദയം അത്രമാത്രം ചുരുങ്ങിപ്പോയിരുന്നു.

Thursday, September 12, 2013

പ്രണയത്തിന്‍റെ തിരുശേഷിപ്പുകള്‍.

സാധാരണ പറയാറുള്ളതുപോലെ ഒരു "തമാശയ്ക്ക്' തുടങ്ങിയ ബന്ധം.സിരകളെ ചുട്ടെടുക്കുന്ന പ്രണയമായി മാറാന്‍ അധികനേരമെടുത്തില്ല.ലോകം മുഴുവനും പോരിനു വന്നാലും നേരിടും.ഒരുമിച്ചു ജീവിക്കാന്‍ സകലതും ത്യജിക്കാനും ഏതു ദുരിതക്കടല്‍ നീന്താനും തയ്യാര്‍..,പതിവ് പല്ലവികള്‍.,..പ്രണയലഹരി തലയ്ക്കു പിടിച്ച രണ്ടു ജന്മങ്ങള്‍.
എതിര്‍പക്ഷത്തും ആളുകള്‍ക്ക് പഞ്ഞമില്ല.സമുദായ വേലികള്‍ പൊളിക്കുന്നത് സഹിക്കാന്‍ പറ്റാത്തവര്‍.,രോഷം,കണ്ണീര്,ശാപം...പ്രാക്ക്,ആത്മഹത്യാ ഭീഷണി,മാനസീക പിരിമുറുക്കങ്ങള്‍,രോഗം,ആശുപത്രി.....എന്നിട്ടും അവസാനം ജയം അവര്‍ക്ക്.പ്രണയികള്‍ക്ക്.ഒന്നായി.അനിര്‍വചനീയമായ പരമാനന്ദം.

പതുക്കെ പതുക്കെ ലഹരിയുടെ കെട്ടിറങ്ങി.പ്രണയാകാശത്തു നിന്ന് ജീവിതത്തിന്‍റെ പച്ചച്ച ഭൂമികയിലേക്ക് ഇറങ്ങിനിന്നു.പിന്നിട്ട യുദ്ധക്കളത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.കരളുപൊടിയുന്ന കാഴ്ച.

പതിതരായ നാല് ആത്മാക്കള്‍.വൃദ്ധര്‍.,തകര്‍ന്ന സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മാറാപ്പും പേറി....നിസംഗരായി.
ഒരു നിമിഷം.പ്രണയികള്‍ നിറകണ്ണുകളുമായി വരുടെ അടുത്തേയ്ക്ക്.ആ നാലാത്മാക്കളും അവരുടെ അടുത്തെയ്ക്കും.കൈകള്‍ വിരിച്ചുപിടിച്ച്.....സ്നേഹപ്രവാഹം.

പിന്നെ അവരൊരുമിച്ച് നടന്നു തുടങ്ങി.എവിടെയോ അവസാനിക്കുന്ന ആ അനന്തപാതയിലൂടെ.....

Saturday, August 17, 2013

കീറിയ ഒരു തഴപ്പായ

ഇന്നലെ വീട് വൃത്തിയാക്കലായിരുന്നു ഞാനും കെട്ടിയോളും.ആവശ്യമില്ലാത്തതും സ്ഥലം മെനക്കെടുത്തുന്നതുമായ പല സാധനങ്ങളും ചവറ്റുകുട്ടയിലായി.കൂട്ടത്തില്‍ ഒരു തഴപ്പായയും.ഇവിടെ ഈ മരുഭൂമിയില്‍ നാടിന്‍റെ ഓര്‍മയ്ക്കെന്ന വണ്ണം കൂടെ കൂടിയതാണ്,ഒരു സുഹൃത്തിന്‍റെ കൈയില്‍ നിന്നും.അതിനെ ചവറ്റ് കുട്ടയിലിടുമ്പോള്‍ ഒരു നിമിഷം സന്ദേഹിച്ചു.പക്ഷെ ഈ ഒറ്റ മുറി വീട്ടില്‍ നിനക്ക് സ്ഥലമില്ല ചങ്ങാതി....വിട.
ആ പായ എന്നെ ചിലതെല്ലാം ഓര്‍മിപ്പിച്ചു.ഒരു കാലത്ത് നാട്ടിലെ സ്ത്രീകളുടെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു തഴപ്പായ നെയ്ത്ത്.കൈത( Screw pine) എന്നാണ് പൊതുവേ ഈ ചെടിയെ വിളിക്കാറ്.കായലിറമ്പത്തും തോട്ടു വക്കിലും പാടത്തിന്‍റെ കരയിലുമൊക്കെയാണു സാധാരണ കാണുക.ഇലയില്‍ നിറയെ മുള്ളുകള്‍..,പൈന്‍ ആപ്പിളിനോട് സാമ്യമുള്ള ഫലം.ഇലകള്‍ ചെത്തി മിനുക്കി വീതി കുറച്ച് കീറിയെടുത്ത്‌ വൃത്താകാരത്തില്‍ മടക്കി വെയിലത്തിട്ട്‌ ഉണക്കിയെടുക്കും.എന്നിട്ട് വീണ്ടും വീതി കുറച്ചു കീറിയെടുത്തിട്ടാണ് പായ നെയ്യുക.
ഞങ്ങളുടെ അയല്‍പക്കത്തെ ചേച്ചിയാണ് അമ്മയെയും മറ്റും നെയ്ത്ത് പഠിപ്പിച്ചത്.അവര്‍ പാ നെയ്യാന്‍ അതിവിദഗ്ദ്ധയായിരുന്നു.അതിമനോഹരവും മേന്മയുള്ളതുമായ പായകളായിരുന്നു ചെച്ചിയുടെത്.അവിടങ്ങളില്‍ നല്ല വില കിട്ടുന്ന പായകളിലൊന്ന് ചെച്ചിയുടെതായിരുന്നു.
പൊരിവെയിലില്‍ പാടത്തെ പണിയും കഴിഞ്ഞ് വന്നു വീട്ടിലെ പണികളും ഒതുക്കി അവര്‍ പാ നെയ്യാനിരിക്കും.
ഇന്ന് ബേബി കെയര്‍ സെന്‍ററുകളും വീട്ടുജോലിക്ക് യന്ത്രങ്ങളും ഉണ്ടായിട്ടും ജോലിഭാരത്തെക്കുറിച്ച് നമ്മളൊക്കെ വിലപിക്കുമ്പോള്‍ വെയില് കൊണ്ട് കരുവാളിച്ച ശരീരവും കൈതമുള്ള് തറച്ചും കത്തികൊണ്ട് വരഞ്ഞു കീറിയതുമായ വിരലുകളും ഒക്കെയായി ആ അമ്മമാര്‍ എന്‍റെ ഓര്‍മകളില്‍ നിന്ന് വെളുക്കനെ ചിരിക്കുന്നു.
സമാനതകളില്ലാത്ത ആ അധ്വാനത്തിന്‍റെ വിയര്‍പ്പും കണ്ണീരും വീണ പായ എനിക്ക് സ്ഥലം മിനക്കെടുത്തുന്ന പാഴ് വസ്തുവായി. തീ വെയിലില്‍ പണി കഴിഞ്ഞു വന്നു നെയ്ത് കൂട്ടി മക്കളെ പോറ്റി വളര്‍ത്തിയ ആ അദ്ധ്വാനത്തെയാണ് ഞാന്‍ ചവറ്റുകുട്ടയിലെറിഞ്ഞത്.ഒരിക്കല്‍ എന്‍റെ വീടിന്‍റെയും നാടിന്‍റെയും വിശപ്പ്‌ കെടുത്തിയ തഴപ്പായ.അത് കീറിപ്പോയി.വിലയില്ലാത്തതായി.അതിനു സ്ഥലമില്ല എന്‍റെ വീട്ടില്‍.വിയര്‍പ്പുനാറ്റമുള്ള പഴമക്ക് എന്‍റെ മനസ്സിലും.

Friday, August 2, 2013

കിഴവന്‍

ആധാര്‍ ഉള്‍പ്പെടെ ഒരു തിരിച്ചറിയല്‍ രേഖയും കൈയിലില്ലാത്ത വൃദ്ധനെ അയാള്‍ രൂക്ഷമായി നോക്കി.
ഒരു കണ്ണടയും ഊന്നുവടിയും പുറത്തേക്ക് എറിയപ്പെട്ടു.....പിറകെ...

ആ ദിവസത്തെ " അടിവലി"യുടെ കണക്കെടുക്കുമ്പോള്‍ കടലാസ് കഷണങ്ങളില്‍ വൃദ്ധന്‍ നിഷ്കളങ്കമായ ചിരിയുമായി.

ഒരു മുഴുത്ത തെറി വിളിച്ചിട്ട് അയാള്‍ വൈകിട്ടത്തെ "പരിപാടിക്ക്" പോയി.